ഗൂഗിൾ മാപ് വഴികാട്ടിയത് പണിതീരാത്ത പാലത്തിലൂടെ; കാർ താഴേക്ക് വീണ് മൂന്ന് യാത്രികർക്ക് ദാരുണാന്ത്യം

ലഖ്നോ: യു.പിയിലെ ബറെയ്‍ലിയിൽ പണിതീരാത്ത പാലത്തിൽ നിന്ന് താഴേക്ക് വീണ കാറിലെ യാത്രികരായ മൂന്ന് പേർക്ക് ദാരുണാന്ത്യം. ബറെയ്‍ലിയെയും ബദാവൂൻ ജില്ലയെയും ബന്ധിപ്പിച്ചുകൊണ്ട് രാംഗംഗ നദിക്ക് കുറുകെ പണിയുന്ന പാലത്തിലാണ് അപകടം. ശനിയാഴ്ച രാത്രി നടന്ന അപകടത്തിന്‍റെ വിവരം ഞായറാഴ്ച രാവിലെയാണ് പുറത്തറിഞ്ഞത്.

കാർ മണൽത്തിട്ടയിൽ വീണ് തകർന്നനിലയിൽ ഞായറാഴ്ച രാവിലെ പ്രദേശവാസികൾ കാണുകയായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് കാറിനകത്ത് മൂന്നുപേരെ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.


ദതാഗഞ്ചിൽ നിന്ന് ഫരീദ്പൂരിലേക്ക് പോവുകയായിരുന്നു കാറിലുണ്ടായിരുന്നവരെന്നും ഗൂഗിൾ മാപ് ഉപയോഗിച്ച് വഴിനോക്കിയാണ് പോയിരുന്നതെന്നും പൊലീസ് കണ്ടെത്തി. പാലം പണിതീരാതെ കിടക്കുകയായിരുന്നെന്ന വിവരം ഇവർക്ക് അറിയാൻ സാധിച്ചില്ല. വേഗതയിൽ വന്ന കാർ പാലം അവസാനിക്കുന്നിടത്ത് നിർത്താൻ ഡ്രൈവർക്കും കഴിഞ്ഞില്ല. ഇതോടെ, പാലത്തിൽ നിന്ന് 25 അടി താഴേക്ക് വീണ് മൂവരും മരിക്കുകയായിരുന്നു. മെയിൻപുരി സ്വദേശി കൗശൽകുമാർ, ഫറൂഖാദ് സ്വദേശികളായ വിവേക് കുമാർ, അമിത് കുമാർ എന്നിവരാണ് മരിച്ചത്.


നേരത്തെ ഇവിടെയുണ്ടായിരുന്ന പാലം 2022ലെ പ്രളയത്തിൽ തകർന്നുപോയിരുന്നു. തുടർന്നാണ് പുനർനിർമാണം തുടങ്ങിയത്. എന്നാൽ, ഇത് പൂർത്തിയാക്കിയില്ല. പാലത്തിലേക്ക് കയറുന്നിടത്ത് മുന്നറിയിപ്പുകളോ മറ്റ് അടയാളങ്ങളോ ഇല്ലാത്തതും അപകടത്തിന് കാരണമായി. 

Tags:    
News Summary - 3 Dead As GPS Mistake Causes Car To Plunge Into River From Incomplete Bridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.