ശ്രാവസ്തി: മദ്യക്കുപ്പിയിൽ മൂത്രമൊഴിച്ച് ദലിത് ബാലനെ നിർബന്ധിച്ച് കുടിപ്പിച്ച് ദൃശ്യം പകർത്തിയ കേസിൽ മൂന്നുപേരെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ശ്രാവസ്തി ജില്ലയിൽ രണ്ട് ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം. പ്രതികളായ കിഷൻ തിവാരി, ദിലീപ് മിശ്ര, സത്യം തിവാരി എന്നിവരെ ഇന്നലെയാണ് പിടികൂടിയത്.
സാമൂഹിക സാംസ്കാരിക പരിപാടികളിൽ ശബ്ദ സംവിധാനം കൈകാര്യം ചെയ്യുന്ന ടെക്നീഷ്യനാണ് ഇരയായ 15 വയസ്സുകാരൻ. ചൊവ്വാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ കിഷൻ തിവാരി, ദിലീപ് മിശ്ര, സത്യം തിവാരി എന്നിവർ ചേർന്ന് ആക്രമിക്കുകയായിരുന്നു. ദിലീപ് മിശ്ര മദ്യക്കുപ്പിയിൽ മൂത്രമൊഴിച്ച ശേഷം സത്യവും കിഷനും ചേർന്ന് ബാലനെ കിടത്തി വായിൽ കുപ്പി കയറ്റി കുടിപ്പിച്ചതായി പൊലീസ് പറഞ്ഞു.
‘പ്രതികളുടെ വീട്ടിൽ നടന്ന ഒരു ചടങ്ങിൽ ശബ്ദസംവിധാനം ഒരുക്കിയത് ആക്രമിക്കപ്പെട്ട കുട്ടിയുടെ കുടുംബമായിരുന്നു. എന്നാൽ, ഇതിന് അധിക തുക വാങ്ങിയെന്നാരോപിച്ച് പ്രതികൾ പ്രശ്നം സൃഷ്ടിച്ചിരുന്നു. ഇതിന് പിനനാലെയാണ് ബാലനോട് മോശമായി പെരുമാറുകയും മർദിക്കുകയും ചെയ്തത്. അവരിൽ ഒരാൾ സംഭവത്തിന്റെ മുഴുവൻ വിഡിയോ ചിത്രീകരിക്കുകയും ചെയ്തു’ -ഗിലൗല പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ മഹിമ നാഥ് ഉപാധ്യായ പറഞ്ഞു.
വീട്ടിലെത്തിയ കുട്ടി ജ്യേഷ്ഠനോട് ദുരനുഭവം വിവരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ബുധനാഴ്ച രാവിലെ തന്നെ മാതാപിതാക്കളും സഹോദരനും പൊലീസിൽ പരാതി നൽകി. ദൃക്‌സാക്ഷി മൊഴിയുടെയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോയുടെയും അടിസ്ഥാനത്തിൽ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി പ്രതികളെ വ്യാഴാഴ്ച തന്നെ അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.