മധ്യപ്രദേശ് ഹൈകോടതി റിട്ട. ജഡ്ജി ബി.ജെ.പിയിൽ ചേർന്നു

ന്യൂഡൽഹി: മധ്യപ്രദേശ് ഹൈകോടതി ജഡ്ജിയായിരുന്ന രോഹിത് ആര്യ ബി.ജെ.പിയിൽ ചേർന്നു. 2024 ഏപ്രിലിലാണ് ആര്യ വിരമിച്ചത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയമല്ല തന്റെ ലക്ഷ്യമെന്ന് ബി.ജെ.പി അംഗത്വം സ്വീകരിച്ച ശേഷം ആര്യ പറഞ്ഞു. പൊതുജീവിതത്തിൽ നിറഞ്ഞുനിൽക്കാൻ ആഗ്രഹിക്കുന്നയാളാണ്. പൊതുനന്മക്കായി എന്തെങ്കിലും ചെയ്യണമെന്നുള്ള ആഗ്രഹത്തിലാണ് ബി.ജെ.പിയിൽ ചേർന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

‘ശനിയാഴ്ച പുതിയ ക്രിമിനൽ നിയമങ്ങൾ സംബന്ധിച്ച് ബി.ജെ.പിയുമായി ബന്ധമുള്ള ഒരുവിഭാഗം സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്തിരുന്നു. ഇവിടെ വെച്ച് സംഘാടകരിൽ ചിലർ ബി.ജെ.പിയിൽ ചേർന്നുകൂടേ എന്ന് ചോദിച്ചിരുന്നു. സെമിനാറിൽ പങ്കെടുത്തപ്പോൾ ‘പോസിറ്റിവ് എനർജി’ അനുഭവപ്പെട്ടെന്ന് ആര്യ ‘ടൈംസ് ഓഫ് ഇന്ത്യ’ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ബി.ജെ.പിയുടെ ആശയത്തോട് ചേർന്നുനിൽക്കുന്നയാളാണെന്ന് ബോധ്യമായി. തുടർന്ന്, ബി.ജെ.പി ഓഫിസിലെത്തി അംഗത്വം സ്വീകരിക്കുകയായിരുന്നുവെന്നും ആര്യ പറഞ്ഞു.

ഹൈകോടതി ജഡ്ജിയായിരിക്കെ, 2021ൽ ഹിന്ദുമതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ഇൻഡോർ പൊലീസ് അറസ്റ്റ് ചെയ്ത സ്റ്റാൻഡ് അപ് കൊമേഡിയൻ മുനവർ ഫാറൂഖിക്ക് ആര്യ ജാമ്യം നിഷേധിച്ചത് വാർത്തയായിരുന്നു. തുടർന്ന്, ഫാറൂഖിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. 2020 ജൂലൈയിൽ ബലാത്സംഗക്കേസിൽ ഇരയെക്കൊണ്ട് രാഖി കെട്ടിച്ച് വന്നാൽ ജാമ്യം പരിഗണിക്കാമെന്ന ആര്യയുടെ വിധി വിവാദമായിരുന്നു. തുടർന്ന്, വിഷയം കേട്ട സുപ്രീംകോടതി വിധി റദ്ദാക്കുകയും കീഴ്കോടതികൾക്ക് വിധി പ്രഖ്യാപിക്കുന്നതിൽ മാനദണ്ഡങ്ങൾ നിർദേശിക്കുകയുമായിരുന്നു.

Tags:    
News Summary - Former Madhya Pradesh High Court judge Rohit Arya joins BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.