രാജ്യം വീണ്ടുമൊരു മസ്ജിദ്-മന്ദിർ തർക്കത്തിലേക്ക്

ന്യൂഡൽഹി: വീണ്ടുമൊരു മസ്ജിദ് - മന്ദിർ തർക്കത്തിനുകൂടി കളമൊരുക്കി മധ്യപ്രദേശ് ഇന്ദോറിലെ കമാൽ മൗലാ പള്ളിയിൽ നടത്തിയ സർവേ റിപ്പോർട്ട് പുരാവസ്തു വകുപ്പ് മധ്യപ്രദേശ് ഹൈകോടതിയിൽ സമർപ്പിച്ചു. ക്ഷേത്രമുണ്ടായിരുന്നതിന്റെ അടയാളങ്ങൾ ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയെന്നും കമാൽ മൗലാ പള്ളിയുടെ നിർമാണത്തിന് ക്ഷേത്രഭാഗങ്ങൾ ഉപയോഗിച്ചെന്നും പുരാവസ്തു വകുപ്പ് റിപ്പോർട്ടിൽ അവകാശപ്പെട്ടു.

എന്നാൽ, 1903ൽ പുരാവസ്തു വകുപ്പ് സർവേ നടത്തി പള്ളിയാണെന്ന് തീർപ്പുകൽപിച്ചശേഷം വീണ്ടുമൊരു സർവേ നടത്തിയതിനെ കമാൽ മൗലാ മസ്ജിദ് പരിപാലന കമ്മിറ്റി രൂക്ഷമായി വിമർശിച്ചു. അന്ന് കണ്ടെത്താത്ത കാര്യങ്ങൾ ഇപ്പോഴത്തെ സർവേയിലുണ്ടായത് സംശയാസ്പദമാണെന്ന് കമാൽ മൗലാ മസ്ജിദ് അധികൃതർ കുറ്റപ്പെടുത്തി.

ഹിന്ദുത്വവാദികൾ സരസ്വതീ ക്ഷേത്രമെന്നവകാശപ്പെടുന്ന പള്ളിയുടെ 106 തൂണുകളിലും 82 ചതുര സ്തംഭങ്ങളിലുമുള്ള കൊത്തുപണികളും അലങ്കാരങ്ങളും പരിശോധിച്ചാൽ അവ ക്ഷേത്രത്തിന്റേതാണെന്ന് പറയാനാകുമെന്നാണ് എ.എസ്.ഐ റിപ്പോർട്ടിലുള്ളത്. ദേവതകളുടെയും മനുഷ്യരുടെയും ചിത്രങ്ങൾ കൊത്തിയത് നീക്കം ചെയ്താണ് പള്ളി നിർമാണത്തിന് ഉപയോഗിച്ചത്. പള്ളിയിൽ ഇത്തരം ചിത്രങ്ങൾ ഉണ്ടാകാൻ പാടില്ലാത്തതുകൊണ്ടാണ് അവ മായ്ക്കുകയോ വിരൂപമാക്കുകയോ ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു.

തൂണുകളിലും ചതുരസ്തംഭങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സംസ്കൃത ലിപികൾ സ്ഥലത്തിന്റെ ചരിത്ര, സാഹിത്യ, വിദ്യാഭ്യാസ പ്രാധാന്യം വിളിച്ചോതുന്നതാണ്. ഒരിടത്ത് കൊത്തിവെച്ചത് 1094-1133 വരെ ഭരിച്ച പരമാര രാജവംശത്തിലെ നരവർമൻ രാജാവിന്റെ കാലത്തെ ലിപികളാണെന്നും എ.എസ്.ഐ അവകാശപ്പെട്ടു.

Tags:    
News Summary - Archaeological panel's report on Bhojshala complex

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.