ബംഗളൂരു: തമിഴ്നാടിന് 3000 ഘനയടി കാവേരി ജലം നൽകണമെന്ന കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി (സി.ഡബ്ല്യു.ആർ.സി) പുതിയ ഉത്തരവിനെതിരെ കർണാടക സുപ്രീംകോടതിയെ സമീപിക്കുന്നു.
മുഖ്യമന്ത്രി സിദ്ധരാമയ്യ ബുധനാഴ്ച ചാമരാജ്നഗറിൽ മാധ്യമങ്ങളെ അറിയിച്ചതാണിത്. സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 15 വരെ ദിവസവും ഇത്രയും വെള്ളം വിട്ടുനൽകണമെന്നാണ് ഉത്തരവ്. ഇതിനെതിരെ സംസ്ഥാനത്ത് വിവിധ കർഷക സംഘടനകളും കന്നട അനുകൂല സംഘടനകളും സമരപാതയിലാണ്.
വെള്ളിയാഴ്ച സംസ്ഥാന വ്യാപക ബന്ദും നടക്കുന്നുണ്ട്. നേരത്തേ ദിവസവും 5000 ഘനയടി വെള്ളം നൽകണമെന്നാണ് കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റി ഉത്തരവിട്ടിരുന്നത്. ഇത് 3000 ആക്കിയ പുതിയ ഉത്തരവിൽ കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സന്തുഷ്ടി അറിയിച്ചിരുന്നു.
വരൾച്ചഭീഷണിയുള്ളതിനാൽ തമിഴ്നാടിന് വെള്ളം നൽകാൻ കഴിയില്ലെന്ന നിലപാടാണ് ഡൽഹിയിൽ നടന്ന റെഗുലേഷൻ കമ്മിറ്റി യോഗത്തിൽ കർണാടക സ്വീകരിച്ചിരുന്നത്. 161 താലൂക്കുകൾ വരൾച്ചബാധിതമായും 34 താലൂക്കുകൾ വരൾച്ച ഭീഷണി നേരിടുന്നവയായും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ നാല് അണക്കെട്ടുകളിലെയും ജലനിരപ്പ് 53.04 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
എന്നാൽ, കാർഷിക ജലസേചനത്തിന് നൽകേണ്ട വെള്ളംപോലും കർണാടക തങ്ങൾക്ക് കൃത്യമായി നൽകുന്നില്ലെന്നാണ് തമിഴ്നാടിന്റെ ആരോപണം. വിഷയത്തിൽ ഇടപെടാനാകില്ലെന്ന് കർണാടകയുടെ ഹരജി പരിഗണിച്ച് നേരത്തേ സുപ്രീംകോടതി നിലപാടെടുത്തിരുന്നു. എന്നാൽ, പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം വീണ്ടും സുപ്രീംകോടതിയെ സമീപിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.