ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ വ്യാപകമായി പേരുകൾ വെട്ടിനീക്കുന്നെന്ന് കെജ്രിവാൾ. ഇതിനു പിന്നിൽ ബി.ജെ.പിയാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാറിന്റെ വിവിധ പദ്ധതികൾ ലഭിക്കാനുള്ള മാനദണ്ഡം ഗുണഭോക്താക്കൾ ഡൽഹിയിൽ വോട്ടറായി രജിസ്റ്റർ ചെയ്യണം എന്നതാണ്. ബന്ധപ്പെട്ടവർ വോട്ടർപട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും കെജ്രിവാൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന നരകതുല്യം എന്നുകാണിച്ച് സമൂഹമാധ്യമത്തിൽ പങ്കുവെച്ച ദൃശ്യങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
നഗരത്തിലെ വിവിധയിടങ്ങളിലെ പ്രശ്നങ്ങൾ വെളിച്ചത്തുകൊണ്ടുവന്ന ഗവർണറോട് നന്ദിപറയുന്നതായും ഇവ സമയബന്ധിതമായി പരിഹരിക്കുമെന്നും കെജ്രിവാൾ പറഞ്ഞു. കഴിഞ്ഞദിവസം ഡൽഹിയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച ശേഷമായിരുന്നു സമൂഹമാധ്യമത്തിൽ നരകതുല്യം എന്ന് വിശേഷിപ്പിച്ച് ലഫ്. ഗവർണർ വിഡിയോ പോസ്റ്റ് ചെയ്തത്.
താൻ സന്ദർശിച്ച പ്രദേശങ്ങളിൽ ശരിയായ മഴവെള്ളച്ചാൽ സംവിധാനം ഇല്ലായിരുന്നു. ഇതോടെ ഇടുങ്ങിയ പാതകളിൽ ചളിയും മലിനജലവും നിറഞ്ഞ സാഹചര്യമാണ്. റോഡുകൾ മോശം അവസ്ഥയിലായിരുന്നു.
വൈദ്യുതി വിതരണവും ശുദ്ധജലക്ഷാമവും സംബന്ധിച്ച് വിവിധ തെരുവുകളിലെ ആളുകൾ പരാതി പറഞ്ഞെന്നും വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെടുത്തി ഗവർണർ കുറിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.