ന്യൂഡൽഹി: മൂന്നിലൊന്ന് ഇന്ത്യൻ മുസ്ലിംകളും (33 ശതമാനം) ആശുപത്രികളിൽ മതപരമായ വിവേചനം നേരിടുന്നതായി ഓക്സ്ഫാം ഇന്ത്യയുടെ സർവേ ഫലം. മുസ്ലിംകളെ കൂടാതെ പട്ടികവർഗക്കാരിൽ 22 ശതമാനം, പട്ടികജാതിക്കാരിൽ 21 ശതമാനം, മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ 15 ശതമാനം എന്നിങ്ങനെയും ആളുകൾ തങ്ങൾ ആശുപത്രികളിൽ വിവേചനം നേരിടുന്നതായി സർവേയിൽ വ്യക്തമാക്കി.
28 സംസ്ഥാനങ്ങളിലെയും അഞ്ച് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 3890 പേരാണ് സർവേയുടെ ഭാഗമായത്. ഫെബ്രുവരി, ഏപ്രിൽ മാസങ്ങളിലാണ് സർവേ നടത്തിയത്.
2018ൽ ദേശീയ മനുഷ്യാവകാശ കമീഷൻ തയ്യാറാക്കിയ രോഗികളുടെ അവകാശങ്ങൾ സംബന്ധിച്ച മാർഗരേഖ എത്രത്തോളം നടപ്പാകുന്നുവെന്ന് വിലയിരുത്താനാണ് സർക്കാരിതര സന്നദ്ധ സംഘടനയായ ഓക്സ്ഫാം ഇന്ത്യ സർവേ സംഘടിപ്പിച്ചത്. മാർഗരേഖ കൃത്യമായി നടപ്പാക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി 2019 ജൂണിൽ എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകിയിരുന്നു.
സമൂഹത്തിൽ നിലവിലുള്ള പല മുൻവിധികളും ആരോഗ്യ മേഖലയിൽ ജോലിചെയ്യുന്നവർ രോഗികളുമായി ഇടപഴകുമ്പോൾ അതേപടി പ്രതിഫലിപ്പിക്കുന്നതായി ഓക്സ്ഫാം ഇന്ത്യയുടെ അസമത്വം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയുടെ ചുമതലയുള്ള അഞ്ജല തനേജ പറയുന്നു.
'തൊട്ടുകൂടായ്മ ഇപ്പോഴും നിലനിൽക്കുന്നു. ഒരു ദലിത് വ്യക്തിയുടെ കൈയിൽ തൊട്ടുകൊണ്ട് നാഡീമിടിപ്പ് പരിശോധിക്കാൻ പോലും ചില ഡോക്ടർമാർ വിമുഖത കാട്ടുന്നു. ഇത്തരം ഡോക്ടർമാർ ആദിവാസികൾ ഉൾപ്പെടെയുള്ളവരോട് രോഗവിവരം കൃത്യമായി വിശദീകരിക്കാൻ പോലും തയാറാകുന്നില്ല. അതൊന്നും അവർക്ക് പറഞ്ഞാൽ മനസിലാവില്ല എന്നാണ് ഡോക്ടർമാർ ധരിക്കുന്നത്' -തനേജ പറയുന്നു.
കോവിഡ് മഹാമാരിയുടെ ആദ്യ ദിവസങ്ങളിൽ ഡൽഹിയിൽ നടന്ന സമ്മേളനത്തിന്‍റെ പേരിൽ തബ്ലീഗ് ജമാഅത്ത് പ്രവർത്തകരെ ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രചാരണത്തെ കുറിച്ചും ഇവർ ചൂണ്ടിക്കാട്ടി. ഒരു പ്രത്യേക വിഭാഗത്തെ അന്ന് അപകീർത്തിപ്പെടുത്തി. ഇത് തെറ്റായിരുന്നെന്ന് പിന്നീട് തെളിഞ്ഞു.
2020 മാർച്ചിൽ രാജ്യത്ത് കോവിഡിന്‍റെ ആരംഭദിശയിലായിരുന്നു ഡൽഹിയിൽ തബ്ലീഗ് ജമാഅത്ത് സമ്മേളനം നടന്നത്. രാജ്യമെങ്ങും കോവിഡ് പകരാൻ ഇടയാക്കിയത് തബ്ലീഗ് സമ്മേളനമാണെന്ന തരത്തിൽ വ്യാപക പ്രചാരണം അന്ന് ചില കൂട്ടർ ഉയർത്തിയിരുന്നു. മുസ്ലിംകളുടെ ബിസിനസ് ബഹിഷ്കരിക്കാൻ ഉൾപ്പെടെ ആഹ്വാനം ഇതിന്‍റെ പേരിൽ ഉയർന്നിരുന്നു.
35 ശതമാനം സ്ത്രീകൾക്കും മറ്റൊരു സ്ത്രീയുടെ സാന്നിധ്യമില്ലാതെ പുരുഷ ഡോക്ടറുടെ ശാരീരിക പരിശോധനക്ക് വിധേയരാകേണ്ടിവരുന്നുവെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു. പരിശോധന മുറിയിൽ മറ്റൊരു വനിത ഉണ്ടായിരിക്കണമെന്നാണ് 2018ലെ ദേശീയ മനുഷ്യാവകാശ കമീഷന്‍റെ മാർഗരേഖയിൽ ആശുപത്രികളോട് നിർദേശിച്ചിരിക്കുന്നത്.
അസുഖത്തെ കുറിച്ചുള്ള ഒരു വിശദീകരണവും കൂടാതെയാണ് ഡോക്ടർമാർ മരുന്ന് കുറിപ്പുകളും പരിശോധനാ നിർദേശങ്ങളും എഴുതുന്നതെന്ന് സർവേയിൽ പങ്കെടുത്ത 74 ശതമാനം പേരും പറയുന്നു. ബന്ധുക്കളുടെ മൃതദേഹം വിട്ടുനൽകാൻ ആശുപത്രികൾ തയാറായില്ലെന്ന് 19 ശതമാനം പേർ പറയുന്നു. ആശുപത്രി ബില്ലുകൾ അടക്കാനുണ്ടെന്ന കാരണം കാട്ടി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കാതിരിക്കരുതെന്ന് കോവിഡ് രണ്ടാം തരംഗത്തിന്‍റെ സമയത്തും ദേശീയ മനുഷ്യാവകാശ കമീഷൻ ആശുപത്രികളോട് നിർദേശിച്ചിരുന്നു.
മനുഷ്യാവകാശ കമീഷന്‍റെ മാർഗരേഖ സംസ്ഥാനങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംവിധാനമൊരുക്കണമെന്ന് ഓക്സ്ഫാം ഇന്ത്യ നിർദേശിക്കുന്നു. രോഗികളുടെ അവകാശം സംബന്ധിച്ച മാർഗരേഖ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ടിൽ ഉൾപ്പെടുത്തണമെന്നും നിർദേശിക്കുന്നു. കൃത്യമായ പരാതി പരിഹാര സംവിധാനം ആവശ്യമുണ്ട്. നിലവിൽ, പരാതികളുമായി ജനം പൊലീസിനെയും കോടതിയെയുമാണ് സമീപിക്കുന്നത്. ഇത് ഏറെ സമയവും പണച്ചെലവുമുള്ള കാര്യമാണെന്നും ഓക്സ്ഫാം ഇന്ത്യ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.