സിദ്ദി: മധ്യപ്രദേശിൽ ബസ് പാലത്തിനു മുകളിൽ നിന്ന് കനാലിലേക്ക് വീണ് 37 പേർ മരിച്ചു. തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് 500 കിലോമീറ്റർ അകലെ സിദ്ദിയിൽ ചൊവ്വാഴ്ച രാവിലെ 7.30ഓടെയായിരുന്നു അപകടം. മരിച്ചവരിൽ 20 പുരുഷൻമാരും 16 സ്ത്രീകളും ഒരു കുട്ടിയുമാണുള്ളത്.
ബസിൽ 50 യാത്രക്കാരുണ്ടായിരുന്നു. ഡ്രൈവർക്ക് നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണം. 37 മൃതദേഹങ്ങൾ ലഭിച്ചുവെന്നും അവ പോസ്റ്റ്മോർട്ടത്തിന് അയച്ചുവെന്നും പൊലീസ് സൂപ്രണ്ട് ധരംവീർ സിങ് പറഞ്ഞു.
അപകട മരണത്തിൽ പ്രധാനമന്ത്രി നരേന്ദമോദി അനുശോചിച്ചു.
''മധ്യപ്രദേശിലെ സിദ്ദിയിലുണ്ടായ ബസപകടം ഭയാനകമാണ്. നിരാശ്രയരായ കുടുംബങ്ങൾക്ക് അനുശോചനം. രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പ്രാദേശിക ഭരണകൂടം സജീവമായി ഏർപ്പെട്ടിരിക്കുന്നു.'' -പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് രണ്ട് ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് 50000 രൂപ വീതവും കേന്ദ്ര സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
മരിച്ചവരുെട കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷംരൂപ വീതം പ്രഖ്യാപിച്ചു.
'' സംഭവിച്ചത് അത്യന്തം ദാരുണമാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായമായി നൽകും. സംസ്ഥാനം മുഴുവൻ ദുരിത ബാധിതർക്കൊപ്പമാണ്'' -മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.