ലഖ്നോ: ഉത്തർപ്രദേശിലും ബിഹാറിലും വീണ്ടും കനത്ത കാറ്റും മിന്നലും. 34പേർ മരിച്ചു. തിങ്കളാഴ്ച രാത്രി ബിഹാറിൽ 19പേരും യു.പിയിൽ 15 പേരുമാണ് മരിച്ചത്. ഉത്തർപ്രദേശിലെ ഉന്നാവ്, റായ്ബറേലി, കാൺപുർ, പിലിബിറ്റ്, ഗോണ്ട ജില്ലകളിലാണ് കാറ്റ് ആഞ്ഞുവീശിയത്.
10പേർക്ക് പരിക്കേറ്റു. നിരവധി കുടിലുകൾ തകർന്നു. ഉന്നാവ് ജില്ലയിൽ മിന്നലിൽ രണ്ടുപേരും, വീടുകളും മരങ്ങളും തകർന്ന് നാലുപേരുമാണ് മരിച്ചതെന്ന് ജില്ല മജിസ്ട്രേറ്റ് രവികുമാർ അറിയിച്ചു. മരങ്ങൾ വീണ് ഹർദോയി-ഉന്നാവ് ഹൈവേയിലെ ഗതാഗതം തടസ്സപ്പെട്ടു. മേയ് രണ്ടിനും മൂന്നിനും ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ വീശിയടിച്ച കാറ്റിൽ 134 പേർ മരിച്ചിരുന്നു. യു.പിയിൽ മാത്രം 80 പേരാണ് മരിച്ചത്. യു.പിയിൽ മേയ് ഒമ്പതിനും 10നും കൊടുങ്കാറ്റിനെ തുടർന്ന് 18പേരും മേയ് 14ന് 51 ആളുകളും മരിച്ചിരുന്നു.
അതേസമയം, പടിഞ്ഞാറൻ ഉത്തർപ്രദേശിൽ ഉഷ്ണതരംഗം വ്യാപിക്കുകയാണ്. കിഴക്കൻ യു.പിയിൽ കനത്ത കാറ്റും മഴയുമുണ്ടെങ്കിലും പടിഞ്ഞാറൻ പ്രദേശങ്ങൾ കടുത്ത ചൂടിെൻറ പിടിയിലാണ്. അലഹബാദ്, മൊറാദാബാദ്, ഝാൻസി, ഗോരഖ്പുർ, വാരാണസി, കാൺപുർ എന്നിവിടങ്ങളിലാണ് കനത്ത ചൂട് രേഖപ്പെടുത്തിയത്. ജലൗൻ ജില്ലയിലെ ഒറൈയിലാണ് ഏറ്റവും കൂടുതൽ ചൂട്. 47 ഡിഗ്രി സെൽഷ്യസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.