സംഭൽ ശാഹി ജമാ മസ്ജിദിലെ സർവേ നടപടികൾ സംഘർഷത്തിലേക്ക് വഴിമാറിയിരിക്കെ, സമാനമായ രീതിയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) നടത്തുന്ന അന്വേഷണ പരിധിയിലുള്ള മസ്ജിദുകളും ഒരിക്കൽക്കൂടി ചർച്ചയിലേക്ക് വരുകയാണ്. യു.പിയിലെ വാരാണസിയിലുള്ള ഗ്യാൻവ്യാപി മസ്ജിദ്, മഥുരയിലെ ശാഹി ഈദ് ഗാഹ്, മധ്യപ്രദേശിലെ ഭോജ്ശാല എന്നിവിടങ്ങളിലെല്ലാം എ.എസ്.ഐ സർവേ നടക്കുന്നുണ്ട്.
2019ൽ, ബാബരി ഭൂമി കേസിൽ ക്ഷേത്ര ട്രസ്റ്റിന് അനുകൂലമായ സുപ്രീംകോടതി വിധി വന്നതോടെയാണ് ഈ മസ്ജിദുകളിലും അവകാശവാദമുന്നയിച്ച് വിവിധ ഹിന്ദുത്വ സംഘടനകളും വ്യക്തികളും രംഗത്തുവന്നതെന്നതും ശ്രദ്ധേയമാണ്.
90കളിൽ, ബാബരി വിവാദം കത്തിനിൽകുന്ന സമയത്താണ് ഗ്യാൻവാപിക്കുവേണ്ടിയും സംഘ്പരിവാർ അവകാശവാദം ഉന്നയിച്ചത്. 97ൽ, ആരാധനാലയ നിയമത്തിന്റെ (പ്ലേസസ് ഓഫ് വർഷിപ് ആക്ട്)കൂടി പരിഗണിച്ച് സിവിൽ കോടതി ഹരജി തള്ളി. എന്നാൽ, ബാബരി വിധിയുടെ പശ്ചാത്തലത്തിൽ, 2019ൽ വീണ്ടും ഹരജി വന്നു. ഗ്യാൻവാപിയിൽ ആർക്കിയോളജിക്കൽ സർവേ നടത്തണമെന്ന ഹരജിയുമായി വാരാണസിക്കാരനായ വിജയ് ശങ്കർ റസ്തോഗി എന്ന അഭിഭാഷകനാണ് കോടതിയെ സമീപിച്ചത്. വാദം അംഗീകരിച്ച കോടതി സർവേക്കായി എ.എസ്.ഐക്ക് നിർദേശവും നൽകി. എന്നാൽ, അലഹാബാദ് ഹൈകോടതി അത് സ്റ്റേ ചെയ്തു. 2021 ആഗസ്റ്റിൽ അഞ്ച് ഹിന്ദു വനിതകൾ, മസ്ജിദിനോട് ചേർന്ന കെട്ടിടത്തിലെ വിഗ്രഹത്തിൽ പ്രാർഥനക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ട് വാരാണസി കോടതിയെ സമീപിച്ചു. ഏതാനും മാസങ്ങൾക്കുശേഷം, വാരാണസി കോടതി അഡ്വക്കറ്റ് കമീഷണറോട് ‘തർക്കസ്ഥലം’ സന്ദർശിക്കാനും വിഡിയോ ദൃശ്യം തയാറാക്കാനും നിർദേശിച്ചു. 2022 മേയ് 16ന് സർവേ അവസാനിച്ചു. ഇതിനിടെ, മസ്ജിദിലെ വുദുഖാനയിൽ ശിവലിംഗം കണ്ടുവെന്ന് ഹരജിക്കാരായ ഹിന്ദുവിഭാഗം ആരോപിച്ചു. എന്നാൽ, അത് വുദുഖാനയിലെ ജലധാരയായിരുന്നു. മസ്ജിദ് അങ്കണത്തിലെ ഹിന്ദുക്കളുടെ പ്രാർഥനക്ക് അനുമതി നൽകിയ കോടതി ഉത്തരവിനെതിരായ മുസ്ലിം വിഭാഗത്തിന്റെ ഹരജിയും ഇതിനിടെ തള്ളി. 2023 മേയിൽ സർവേ സംബന്ധിച്ച ഹരജി കേൾക്കാൻ ജില്ല കോടതി തയാറായി. ഹൈകോടതി ഉത്തരവിനെ തുടർന്നായിരുന്നു ഇത്. പ്രദേശത്ത് സുരക്ഷയൊരുക്കാൻ സുപ്രീംകോടതിയും നിർദേശിച്ചു. തൊട്ടടുത്ത മാസം, ഹിന്ദുമത വിശ്വാസികൾക്ക് ഗ്യാൻവാപി അങ്കണത്തിൽ പ്രാർഥന നടത്താനുള്ള അവകാശം നിഷേധിക്കാനാവില്ലെന്നും അത് ആരാധനാലയ നിയമത്തിന്റെ പരിധിയിയിൽ വരില്ലെന്നും ഹൈകോടതി വിധിച്ചു. ജൂലൈയിൽ, മസ്ജിദിൽ ശാസ്ത്രീയ പരിശോധന നടത്താൻ ജില്ല കോടതി ഉത്തരവിട്ടു. പരിശോധന ഫലം ഡിസംബർ 18ന് സമർപ്പിച്ചു. മസ്ജിദിന് താഴെ ക്ഷേത്രാവശിഷ്ടങ്ങളുണ്ടായിരുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടാണ് 2024 ജനുവരി 25ന് എ.എസ്.ഐ കോടതിയിൽ സമർപ്പിച്ചത്.
ജനുവരി 31ന് ഗ്യാൻവാപി മസ്ജിദിന്റെ അടിഭാഗത്തെ നിലവറ ഹിന്ദുക്കൾക്ക് പൂജക്കായി തുറന്നുകൊടുക്കണമെന്ന് വാരാണസി കോടതി ഉത്തരവിട്ടു.
ശാഹി ഈദ്ഗാഹ് (മഥുര)
ഗ്യാൻവാപിയെപോലെ, ആർക്കിയോളജിക്കൽ സർവേയുടെ നേരിട്ടുള്ള അന്വേഷണം നിലവിൽ ശാഹി ഈദ് ഗാഹിൽ നടന്നിട്ടില്ല. എന്നാൽ, ഇത് ശ്രീകൃഷ്ണ ജന്മഭൂമിയാണെന്ന് അവകാശപ്പെട്ടുള്ള ഹിന്ദുത്വ സംഘടനകളുടെ 18 ഹരജികൾ അലഹാബാദ് ഹൈകോടതിയുടെ പരിഗണനയിലുണ്ട്. എ.എസ്.ഐ ഇതിൽ ഇടപെട്ടിരിക്കുന്നത് മറ്റൊരു തരത്തിലാണ്. ഈദ്ഗാഹ് നിലനിൽക്കുന്ന സ്ഥലം മുമ്പ് ക്ഷേത്രഭാഗമായിരുന്നുവെന്നതിന്റെ തെളിവുകൾ തങ്ങൾക്ക് ലഭിച്ചതായി ഒരു വിവരാവകാശ ചോദ്യത്തിന് മറുപടിയായി എ.എസ്.ഐ നൽകിയിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ, സർവേക്ക് കോടതി ഉത്തരവ് ലഭിച്ചാൽ ഫലമെന്താകുമെന്ന് വ്യക്തം.
ഭോജ്ശാല-കമാൽ മസ്ജിദ് (ധർ- മധ്യപ്രദേശ്)
11ാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട കമാൽ മൗല മസ്ജിദ് നിലവിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. 2022ൽ, ഹിന്ദു ഫ്രണ്ട് ഫോർ ജസ്റ്റിസ് എന്ന സംഘടന മസ്ജിദിനുമേൽ അവകാശവാദവുമായി ഇൻഡോർ ഹൈകോടതിയിൽ ഹരജി സമർപ്പിച്ചു. എ.എസ്.ഐ സർവേ നടത്തണമെന്നതായിരുന്നു ആവശ്യം. ഹരജി പരിഗണിച്ച കോടതി സർവേക്ക് ഉത്തരവിട്ടു. 2024 ജൂലൈ 15ന് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, സർവേയിൽ ക്ഷേത്രഭാഗങ്ങൾ കണ്ടെത്തിയതായി എ.എസ്.ഐ അവകാശപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.