ലഖ്നോ: ഉത്തർപ്രദേശിൽ സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 40 ശതമാനം സംവരണമേർപ്പെടുത്തുമെന്ന് േകാൺഗ്രസ്. 2022ലെ യു.പി തെരഞ്ഞെടുപ്പിൽ സ്ത്രീകൾക്കായുള്ള പ്രത്യേക പ്രകടന പത്രിക കോൺഗ്രസ് പുറത്തിറക്കി. കോൺഗ്രസ് ജനറൽ സെക്രട്ടറിയും യു.പിയുടെ പ്രത്യേക ചുമതലയുമുള്ള പ്രിയങ്ക ഗാന്ധിയാണ് ലഖ്നോവിൽ പ്രകടന പത്രിക പുറത്തിറക്കിയത്.
'ശക്തി വിധാൻ മഹിള ഗോഷ്ന പത്ര' എന്ന പേരിട്ടതാണ് പ്രത്യേക മാനിഫെസ്റ്റോ. ഉത്തർപ്രദേശിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ പൊലീസിൽ 25 ശതമാനം സംവരണം സ്ത്രീകൾക്ക് നൽകും.
നേരത്തേ, നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ 40 ശതമാനം സീറ്റുകളിൽ സ്ത്രീകളെ മത്സരിപ്പിക്കുമെന്ന് പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചിരുന്നു. പൊതുവിതരണ സംവിധാന കടകളിൽ 50 ശതമാനം സ്ത്രീകൾക്ക് അനുവദിക്കും. 12ാം ക്ലാസ് വിജയിച്ച വിദ്യാർഥിനികൾക്ക് സൗജന്യ മൊബൈൽ ഫോണും ബിരുദം പൂർത്തിയാക്കിയ വിദ്യാർഥിനികൾക്ക് ഇലക്ട്രിക് സ്കൂട്ടറും നൽകും.
സ്ത്രീ ശാക്തീകരണത്തിനായാണ് കോൺഗ്രസ് പ്രത്യേക പ്രകടന പത്രിക പുറത്തിറക്കിയതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. സ്ത്രീകൾക്കെതിരായ വിലങ്ങുതടികൾ തകർക്കാൻ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കണം. അവർക്ക് രാഷ്ട്രീയത്തിലും സമൂഹത്തിലും പൂർണ പങ്കാളിത്തം ലഭിക്കണം. സ്ത്രീകൾക്കെതിരായ ചൂഷണം അവസാനിപ്പിക്കണം -പ്രിയങ്ക ഗാന്ധി പറഞ്ഞു.
രാഷ്ട്രീയത്തിലെ സ്ത്രീ പങ്കാളിത്തം 50 ശതമാനമാക്കി ഉയർത്താനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നതെന്ന് പ്രകടന പത്രികയിൽ പറയുന്നു.
പൊതു ഗതാഗത സംവിധാനത്തിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കും. വർഷംതോറും മൂന്ന് പാചക വാതക സിലിണ്ടറുകൾ സൗജന്യമായി നൽകും. വിദ്യാർഥിനികൾക്ക്, പ്രത്യേകിച്ച് പാവപ്പെട്ട കുടുംബങ്ങളിൽനിന്നുള്ളവർക്ക് സൗജന്യമായി വൈൈഫ അനുവദിക്കും. സ്ത്രീകൾക്ക് സബ്സിഡി വായ്പ അനുവദിക്കും. തൊഴിലുറപ്പ് പദ്ധതിയുൾപ്പെടെയുള്ള തൊഴിലിടങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുമെന്നും കോൺഗ്രസിന്‍റെ പ്രകടന പത്രികയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.