ഭോപ്പാൽ: നാലു പതിറ്റാണ്ടു മുമ്പത്തെ വിഷതാവതക ദുരന്തത്തിനുശേഷം പ്രവർത്തനരഹിതമായ ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഫാക്ടറിയിൽ അവശേഷിക്കുന്ന 377 മെട്രിക് ടൺ അപകടകരമായ മാലിന്യം നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. സംസ്കരണത്തിനായി മധ്യപ്രദേശിന്റെ തലസ്ഥാനത്തുതന്നെ സ്ഥലം വിട്ടുകൊടുക്കാൻ ആവർത്തിച്ച് നിർദേശം നൽകിയിട്ടും നടപടിയെടുക്കാത്ത അധികൃതരെ മധ്യപ്രദേശ് ഹൈകോടതി കുറ്റപ്പെടുത്തി ആഴ്ചകൾക്ക് ശേഷമാണ് സംഭവവികാസം. ഭോപ്പാലിൽ നിന്ന് 250 കിലോമീറ്റർ അകലെ ഇൻഡോറിന് സമീപമുള്ള പിതാംപൂരിലെ സ്ഥലത്തേക്കാണ് വിഷ മാലിന്യം സംസ്കരിക്കാനായി മാറ്റുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
പ്രത്യേകം ഉറപ്പിച്ച കണ്ടെയ്നറുകളുള്ള ജി.പി.എസ് ഘടിപ്പിച്ച അര ഡസൻ ട്രക്കുകൾ ഞായറാഴ്ച രാവിലെ ഫാക്ടറിയിലെത്തി. പി.പി.ഇ കിറ്റുകൾ ധരിച്ച നിരവധി തൊഴിലാളികളും ഭോപ്പാൽ മുനിസിപ്പൽ കോർപ്പറേഷന്റെ ഉദ്യോഗസ്ഥരും പരിസ്ഥിതി ഏജൻസികളും ഡോക്ടർമാരും ഇൻസിനറേഷൻ വിദഗ്ധരും സൈറ്റിൽ എത്തിയിരുന്നു. ഫാക്ടറിക്ക് ചുറ്റും പൊലീസിനെയും വിന്യസിച്ചു.
1984 ഡിസംബർ 2,3 തീയതികളിലെ യൂണിയൻ കാർബൈഡ് കീടനാശിനി ഫാക്ടറിയിൽ നിന്ന് വീര്യംകൂടിയ വിഷവാതകമായ മീഥൈൽ ഐസോസയനേറ്റ് ചോർന്ന് 5,479 പേർ കൊല്ലപ്പെടുകയും അഞ്ച് ലക്ഷത്തിലധികം ആളുകൾക്ക് ആരോഗ്യപ്രശ്നങ്ങളും ദീർഘകാല വൈകല്യങ്ങളും ഉണ്ടാകുകയും ചെയ്തു.
വാതകദുരന്തം നടന്ന് 40 വർഷത്തിനു ശേഷവും മറ്റൊരു ദുരന്തത്തിന് കാരണമായേക്കാവുന്ന വിഷ മാലിന്യം അവിടെത്തന്നെ നിക്ഷേപിച്ചിരിക്കുകയാണെന്ന് നിരീക്ഷിച്ച് ഹൈകോടതി ഡിസംബർ 3ന് ഫാക്ടറിയിൽ നിന്ന് അത് മാറ്റാൻ നാലാഴ്ചത്തെ സമയപരിധി നിശ്ചച്ചിരുന്നു. നിർദേശം പാലിച്ചില്ലെങ്കിൽ സർക്കാറിന് കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും നൽകി.
ഭോപ്പാൽ വാതക ദുരന്തത്തിന്റെ മാലിന്യം 40 വർഷത്തിനുശേഷം സുരക്ഷിതമായി പിതാംപൂരിലേക്ക് അയച്ച് സംസ്കരിക്കുമെന്ന് സംസ്ഥാന ഗ്യാസ് റിലീഫ് ആൻഡ് റീഹാബിലിറ്റേഷൻ വകുപ്പ് ഡയറക്ടർ സ്വതന്ത്ര കുമാർ സിങ് പറഞ്ഞു. ഭോപ്പാലിൽ നിന്ന് പിതാംപൂരിലേക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ മാലിന്യം എത്തിക്കുന്നതിന് ഗതാഗതം നിയന്ത്രിച്ച് ഏകദേശം 250 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു ‘ഹരിത ഇടനാഴി’ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാലിന്യം കൊണ്ടുപോകുന്നതിനും പിതാംപൂരിലെ തുടർന്നുള്ള സംസ്‌കരണത്തിനും ഒരു നിശ്ചിത തീയതി പറയാൻ സിങ് വിസമ്മതിച്ചു. എന്നാൽ, ഹൈകോടതിയുടെ നിർദേശം കണക്കിലെടുത്ത് പ്രക്രിയ ഉടൻ ആരംഭിക്കാമെന്നും ജനുവരി 3നകം മാലിന്യം ലക്ഷ്യസ്ഥാനത്ത് എത്തുമെന്നും വൃത്തങ്ങൾ അറിയിച്ചു.
തുടക്കത്തിൽ മാലിന്യത്തിന്റെ ഒരു ഭാഗം പീതാംപൂരിലെ ഡിസ്പോസൽ യൂനിറ്റിൽ കത്തിക്കുകയും അവശിഷ്ടങ്ങൾ (ചാരം) ശാസ്ത്രീയമായി പരിശോധിച്ച് അതിൽ എന്തെങ്കിലും ദോഷകരമായ മൂലകം അവശേഷിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുകയും ചെയ്യുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എല്ലാം ശരിയാണെന്ന് കണ്ടെത്തിയാൽ മൂന്ന് മാസത്തിനുള്ളിൽ മാലിന്യം കത്തിച്ച് ചാരമാക്കും. അല്ലാത്തപക്ഷം, കത്തിക്കുന്നതിന്റെ വേഗത കുറയുകയും ഒമ്പത് മാസം വരെ എടുത്തേക്കാമെന്നും സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.