മുംബൈ: മഹാരാഷ്ട്രയിലെ പത്താം ക്ലാസ് പരീക്ഷയുടെ ഫലപ്രഖ്യാപനത്തിന് ശേഷം കൗതുകകരമായ ഒരു വാർത്തയാണ് പുറത്ത് വരുന്നത്. പൂനെയിലെ 43 കാരനായ പിതാവ് പരീക്ഷയിൽ ജയിച്ചപ്പോൾ പത്താം ക്ലാസുകാരനായ മകൻ തോറ്റു. ബാബാസാഹെബ് അംബേദ്കർ ഡയസ് പ്ലോട്ടിലെ താമസക്കാരാണ് അച്ഛനും മകനും.
മഹാരാഷ്ട്ര സ്റ്റേറ്റ് ബോർഡ് ഓഫ് സെക്കൻഡറി ആൻഡ് ഹയർ സെക്കൻഡറി എഡ്യുക്കേഷൻ നടത്തിയ പരീക്ഷ അച്ഛനായ ഭാസ്‌കർ വാഗ്‌മരെയും മകൻ സാഹിലും ഒരുമിച്ചായിരുന്നു എഴുതിയത്. കുടുംബം പുലർത്താനായി ഏഴാം ക്ലാസോടെ ഭാസ്‌കറിന് പഠനം ഉപേക്ഷിച്ച് ജോലിക്ക് പോകേണ്ടിവന്നു. എന്നാൽ, പഠനം തുടരാൻ എന്നും അദ്ദേഹം ആഗ്രഹിച്ചു. 30 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇത്തവണ മകനോടൊപ്പം പരീക്ഷയെഴുതിയത്.
"കൂടുതൽ പഠിക്കാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു, എന്നാൽ കുടുംബ ഉത്തരവാദിത്തങ്ങൾ കാരണം അതിന് കഴിഞ്ഞില്ല. മകൻ ഈ വർഷം പത്താം ക്ലാസിൽ ആയതിനാലാണ് ഞാൻ പരീക്ഷയെഴുതാൻ തീരുമാനിച്ചത്. പഠനത്തിന് അവൻ എന്നെ ഒരുപാട് സഹായിച്ചു. ഉപജീവനത്തിനായി സ്വകാര്യ മേഖയിൽ ജോലിയിൽ ചെയ്യുകയാണ്.
ജോലിക്ക് ശേഷം എല്ലാ ദിവസവും പഠിക്കുകയും പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും ചെയ്യാറുണ്ടായിരുന്നു". വാഗ്മരെ പറഞ്ഞു. പരീക്ഷയിൽ വിജയിച്ചതിന്‍റെ സന്തോഷത്തിലാണെങ്കിലും മകൻ രണ്ട് വിഷയങ്ങളിൽ തോറ്റതിൽ വിഷമമുണ്ട്. സപ്ലിമെന്ററി പരീക്ഷക്കുള്ള പഠനത്തിൽ മകനെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
"എന്റെ അച്ഛന്‍റെ ആഗ്രഹം സഫലമായതിൽ എനിക്ക് സന്തോഷമുണ്ട്. പഠിക്കാനുള്ള ആഗ്രഹം ഞാനും ഉപേക്ഷിക്കില്ല. സപ്ലിമെന്ററി പരീക്ഷകൾക്കുള്ള തയ്യാറെടുപ്പാണ് ഇനി. ഞാനും വിജയിക്കും". സാഹിൽ ആത്മവിശ്വാസത്തോടെ പറഞ്ഞു. അതേസമയം, മകന്‍റെ പരാജയത്തിൽ ദുഖിക്കുന്ന കുടുംബാംഗങ്ങൾക്ക് ഭാസ്‌കറിന്‍റെ വിജയം സന്തോഷം നൽകി. പത്താം ക്ലാസ് പരീക്ഷയുടെ ഈ വർഷത്തെ മൊത്തം വിജയശതമാനം 96.94 ശതമാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.