ന്യൂഡൽഹി: രാജ്യത്തെ പ്രബല ന്യൂനപക്ഷമായ ക്രിസ്ത്യാനികൾക്കുനേരെ ബി.ജെ.പി ഭരണത്തിനുകീഴിൽ അതിക്രമങ്ങൾ നാൾക്കുനാൾ വർധിച്ചുവരുന്നതായി വസ്തുതാന്വേഷണ റിപ്പോർട്ട്. 486 അതിക്രമങ്ങൾക്കാണ് 2021ൽ ഇന്ത്യയിലെ ക്രിസ്ത്യൻ സമുദായാംഗങ്ങൾ ഇരയായത്.
2020ൽ 279 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഒരുവർഷം കൊണ്ട് 75 ശതമാനം വർധനവ് രേഖപ്പെടുത്തിയതായി ക്രിസ്ത്യൻ അവകാശ സംരക്ഷണ സംഘടനയായ യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. നരേന്ദ്ര മോദി അധികാരത്തിലേറിയ 2014 മുതൽ ഇതുവരെയുള്ള കാലയളവിൽ 2021ലാണ് ക്രിസ്ത്യാനികൾക്കുനേരെ ഏറ്റവും കൂടുതൽ അതിക്രമങ്ങൾ നടന്നത്. ഇതിൽതന്നെ സുപ്രധാന ആഘോഷമായ ക്രിസ്മസിനോടനുബന്ധിച്ചായിരുന്നു ഭീതിയുടെ മുൾമുനയിലാഴ്ത്തിയ സംഭവങ്ങളിലേറെയും. നവംബർ, ഡിസംബർ മാസങ്ങളിലായി 104 അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. തൊട്ടുമുമ്പ് ഒക്ടോബറിൽ മാത്രം 77 അക്രമസംഭവങ്ങൾക്ക് രാജ്യത്തെ ക്രിസ്ത്യാനികൾ ഇരയായി.
വെള്ളിയാഴ്ച പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച് 127 സംഭവങ്ങളാണ് 2014ൽ രജിസ്റ്റർ ചെയ്തത്. തുടർവർഷങ്ങളിൽ അതിക്രമങ്ങളുടെ എണ്ണം വർധിച്ചുകൊണ്ടേയിരുന്നു. 142 (2015), 226 (2016), 248 (2017), 292 (2018), 328 (2019), 279 (2020), 486 (2021) എന്നിങ്ങനെയാണ് കണക്ക്.
ഇരകൾക്ക് പരാതി ഉന്നയിക്കാൻ യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം ടോൾ-ഫ്രീ ഹെൽപ്പ് ലൈൻ ആരംഭിച്ചിരുന്നു. ഇതുവഴി നിരവധി അക്രമ സംഭവങ്ങൾ പൊലീസ്-നിയമ സംവിധാനങ്ങളുടെ ശ്രദ്ധയിൽപെടുത്താൻ കഴിഞ്ഞതായി ഭാരവാഹികൾ പറഞ്ഞു. ഇപ്രകാരം ലഭിച്ച പരാതികളുടെ എണ്ണം കണക്കാക്കിയാണ് സംഘടന കുറ്റകൃത്യങ്ങളുടെ റിപ്പോർട്ട് തയാറാക്കിയത്.
2021ൽ ആകെ അതിക്രമങ്ങളുടെ 56 ശതമാനവും (274 സംഭവങ്ങൾ) നാലുസംസ്ഥാനങ്ങളിലായാണ് അരങ്ങേറിയത്. ഇതിൽ യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശാണ് ഏറ്റവും മുന്നിൽ -102 എണ്ണം. ഛത്തീസ്ഗഢ് (90), ജാർഖണ്ഡ് (44), മധ്യപ്രദേശ് (38) എന്നിവയാണ് തൊട്ടുപിന്നിൽ.
''മതതീവ്രവാദികൾ അടങ്ങിയ ആൾക്കൂട്ടം പ്രാർത്ഥനാ സമ്മേളനത്തിൽ അതിക്രമിച്ച് കയറുകയോ അല്ലെങ്കിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് വ്യക്തികളെ വളയുകയോ ചെയ്യുന്നതാണ് മിക്കവാറും സംഭവങ്ങളുടെയും പൊതുസ്വഭാവം. നിർബന്ധിത മതപരിവർത്തനം ആരോപിച്ച് പൊലീസിന് കൈമാറുന്നതിന് മുമ്പ്, അക്രമിക്കൂട്ടം വിശ്വാസികളെ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്യുന്നു. മിക്കയിടത്തും പൊലീസ് സ്റ്റേഷനുകൾക്ക് പുറത്ത് വർഗീയ മുദ്രാവാക്യം വിളിക്കുന്നു. ഈ സമയത്തെല്ലാം പൊലീസ് നിശബ്ദ കാഴ്ചക്കാരായി നിൽക്കുകയാണ്" -റിപ്പോർട്ടിൽ പറയുന്നു.
ഹെൽപ്പ്‌ലൈൻ ഇടപെട്ട് കേസ് നടത്തിയും അഭിഭാഷകരെ ഏർപ്പാടാക്കിയും 210 പേരെ തടവിൽ നിന്ന് മോചിപ്പിക്കാൻ കഴിഞ്ഞതായി ഫോറം വ്യക്തമാക്കി. കൂടാതെ അക്രമികൾ അടപ്പിച്ച 46 ആരാധനാലയങ്ങൾ വീണ്ടും തുറക്കുവാനും പ്രാർത്ഥന പുനരാരംഭിക്കാനും തങ്ങളുടെ ഇടപെടലിലൂടെ കഴിഞ്ഞതായി ഇവർ വ്യക്തമാക്കി. അതേസമയം, അക്രമികൾക്കെതിരെ 34 എഫ്‌ഐആറുകൾ മാത്രമേ രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂ.
കുപ്രചാരണത്തിലൂടെ വിദ്വേഷം സൃഷ്ടിക്കുന്നത് മതസൗഹാർദത്തിന് ഹാനികരമാണെന്ന് ഫോറം ഭാരവാഹിയും ഡൽഹി ന്യൂനപക്ഷ കമ്മീഷൻ മുൻ അംഗവുമായ എ.സി മൈക്കിൾ 'ദി പ്രിന്‍റി'നോട് പറഞ്ഞു. 'ക്രിസ്ത്യാനികൾ ആളുകളെ വഞ്ചിച്ച് മതപരിവർത്തനം ചെയ്യുന്നു എന്നാരോപിക്കുന്ന പ്രസംഗങ്ങളിലൂടെ വിദ്വേഷം സൃഷ്ടിക്കുന്നതാണ് കുറ്റകൃത്യങ്ങൾ വർധിക്കുന്നതിന് പ്രധാന കാരണം. എന്നാൽ, നിർബന്ധിത മതപരിവർത്തനത്തിന് ഒരു തെളിവുമില്ല. മതപരിവർത്തന വിരുദ്ധ ബിൽ ഇപ്പോൾ പല സംസ്ഥാനങ്ങളിലും നിലവിലുണ്ട്. 1967 മുതൽ നിയമം പ്രാബല്യത്തിലുള്ള ഒഡീഷയിൽ ആ നിയമപ്രകാരം ഒരു ശിക്ഷപോലും ഉണ്ടായിട്ടില്ല "അദ്ദേഹം പറഞ്ഞു.
"പ്രത്യേക വിഭാഗത്തിലുള്ള ചിലരുടെ ഈ കുപ്രചാരണം പല സംസ്ഥാനങ്ങളിലും മതസൗഹാർദം തകരുന്നു. അക്രമികളും പൊലീസും തമ്മിലുള്ള അവിശുദ്ധബന്ധവും വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് പ്രേരണയാവുന്നുണ്ട്. പലപ്പോഴും പ്രാർത്ഥന നടക്കുന്ന പള്ളിക്ക് പുറത്ത് അക്രമികൾ ഒത്തുകൂടുമ്പോൾ പൊലീസ് വൈദികനെ അറസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്. അങ്ങനെ ചെയ്യാൻ ജനക്കൂട്ടം അവർക്കുമേൽ സമ്മർദം ചെലുത്തുന്നുണ്ട്' -മൈക്കിൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.