ന്യൂഡൽഹി: ജമ്മുവിലെയും കശ്മീരിലെയും രണ്ട് ജില്ലകളിൽ ആഗസ്റ്റ് 15നു ശേഷം 4ജി ഇൻറർനെറ്റ് പരീക്ഷണാടിസ്ഥാനത്തിൽ പുനഃസ്ഥാപിക്കാൻ തീരുമാനിച്ചതായി േകന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ഇക്കാര്യം പ്രത്യേക കമ്മിറ്റി പരിശോധിച്ചുവരികയാണെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ വ്യക്തമാക്കി.
നിയന്ത്രിത തോതിൽ 4ജി അനുവദിക്കാനും രണ്ടു മാസത്തിനുശേഷം അതിെൻറ ഫലം വിലയിരുത്താനുമാണ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രത്തിെൻറയും ജമ്മു-കശ്മീർ ഭരണകൂടത്തിെൻറയും ഭാഗത്തുനിന്നുള്ള നല്ല നിലപാടാണ് ഇതെന്ന് ജസ്റ്റിസുമാരായ ആർ. സുഭാഷ് റെഡ്ഢി, ബി.ആർ. ഗവായ് എന്നിവർ അടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു.
സുപ്രീംകോടതി നിർദേശമുണ്ടായിട്ടും 4ജി ഇൻറർനെറ്റ് പുനഃസ്ഥാപിക്കാത്ത അധികൃതർക്കെതിരെ നടപടിയാവശ്യപ്പെട്ട് 'ഫൗണ്ടേഷൻ ഫോർ മീഡിയ പ്രഫഷനൽസ്' എന്ന എൻ.ജി.ഒ നൽകിയ ഹരജിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. കേന്ദ്രത്തിെൻറ നീക്കം നല്ലതാണെന്നും എന്നാൽ, ഇക്കാര്യത്തിൽ ആശങ്കകൾ തുടർന്നും നിലനിൽക്കുന്നുവെന്നും എൻ.ജി.ഒക്ക് വേണ്ടി ഹാജരായ ഹുസേഫ അഹ്മദി കോടതിയെ അറിയിച്ചു. കഴിഞ്ഞ വർഷം ആഗസ്റ്റിൽ കേന്ദ്രം കശ്മീരിെൻറ പ്രത്യേക പദവി എടുത്തുകളഞ്ഞതു മുതൽ ഹൈ സ്പീഡ് ഇൻറർനെറ്റ് റദ്ദാക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.