ഇംഫാൽ: ബോറോബെക്രയിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിൽനിന്ന് കാണാതായ ആറ് പേർക്കായുള്ള തിരച്ചിൽ മേൽനോട്ടം വഹിക്കാൻ മണിപ്പൂർ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥരെ ജിരിബാം ജില്ലയിലേക്ക് അയച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
മൂന്ന് സ്ത്രീകളെയും മൂന്ന് കുട്ടികളെയും കണ്ടെത്താനുള്ള സുരക്ഷാസേനയുടെ ശ്രമങ്ങൾക്ക് മേൽനോട്ടം വഹിക്കാനും ഏകോപിപ്പിക്കാനും ഐ.ജി, ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥർ ജിരിബാമിൽ എത്തിയതായി അവർ പറഞ്ഞു.
കാണാതായ ആറ് പേരെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയതായി ഇംഫാൽ താഴ്‌വര ആസ്ഥാനമായുള്ള സിവിൽ സൊസൈറ്റി സംഘടനകൾ ആരോപിച്ചു. ആറുപേരും പൊലീസ് സ്റ്റേഷൻ വളപ്പിലെ ദുരിതാശ്വാസ ക്യാമ്പിലാണ് താമസിച്ചിരുന്നത്. ഇവരെ കണ്ടെത്തി ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച രാത്രി ഇംഫാലിലും ജിരിബാമിലും മെഴുകുതിരി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കണ്ടെത്താൻ എം.എൽ.എ ഉൾപ്പെടെയുള്ള പ്രാദേശിക രാഷ്ട്രീയക്കാർ മുൻകൈയെടുക്കുന്നില്ലെന്ന് പ്രകടനക്കാർ വിമർശിച്ചു.
ആറു പേരുടെ ഫോട്ടോ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ടുവെങ്കിലും തട്ടിക്കൊണ്ടുപോയതാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. തിങ്കളാഴ്ച നടന്ന ആക്രമണത്തെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ തീവ്രവാദികളെന്ന് സംശയിക്കുന്ന പത്ത് പേർ കൊല്ലപ്പെട്ടതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.