കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ വിമാന കമ്പനി ജീവനക്കാരുടെ സഹായത്തോടെയുള്ള സ്വർണക്കടത്തിൽ പിടിച്ചത് 2.25 കോടി രൂപയുടെ സ്വർണം. കഴിഞ്ഞ ദിവസമാണ് 4.9 കിലോഗ്രാം സ്വർണമിശ്രിതം പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെ രണ്ട് ജീവനക്കാരെ എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്. ഇൻഡിഗോയുടെ സീനിയർ എക്സിക്യൂട്ടീവ് റാമ്പ് സൂപ്പർവൈസറായ മലപ്പുറം അരീക്കോട് സ്വദേശി കെ.വി. സാജിദ് റഹ്മാൻ (29), കസ്റ്റമർ സർവിസ് ഏജന്റായ കണ്ണൂർ കൊറ്റാളി അത്താഴക്കുന്ന് സ്വദേശി കെ.പി. മുഹമ്മദ് സാമിൽ ഖൈസ് (27) എന്നിവരാണ് കസ്റ്റംസിന്റെ കസ്റ്റഡിയിൽ തുടരുന്നത്.
ദുബൈയിൽ നിന്നെത്തിയ യാത്രികന്റെ ബാഗേജിൽ നിന്നാണ് സ്വർണമിശ്രിതം പിടിച്ചത്. ഇതിൽനിന്ന് 2.25 കോടി രൂപ വില വരുന്ന 4,411 ഗ്രാം സ്വർണം വേർതിരിച്ചെടുത്തതായി കസ്റ്റംസ് അറിയിച്ചു. ഇരുവരുടെയും ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തേക്കും.
സെപ്റ്റംബർ 12ന് ദുബൈയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിലെ യാത്രികനായ വയനാട് സ്വദേശി അഷ്കറലിയുടെ ബാഗേജിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. ഇയാളുടെ ബാഗേജ് പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് ഇവർ പിടിയിലായത്. വിമാന കമ്പനി സുരക്ഷ വിഭാഗത്തിന്റെ കൂടി സഹായത്തോടെ ഇരുവരും കസ്റ്റംസ് നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് ദുബൈയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനം കരിപ്പൂരിലെത്തിയപ്പോൾ സാജിദ് എയർ സൈഡിലേക്ക് സംശയാസ്പദമായി നീങ്ങുന്നതായി വിവരം ലഭിക്കുകയും തുടർന്ന് ബാഗേജിൽ വിശദമായ പരിശോധന നടത്തിയതും. ബാഗേജ് ട്രാക്ടർ ട്രോളിയിൽ നിന്ന് നേരിട്ട് ശേഖരിക്കാൻ ശ്രമിക്കുകയും ടാഗിൽ കൃത്രിമം കാണിക്കാനുമായിരുന്നു ശ്രമം. ഈ നീക്കം പരാജയപ്പെടുത്തിയാണ് കസ്റ്റംസ് സ്വർണം പിടിച്ചത്. അഷ്കറലിയോട് ഹാജരാകാൻ സമൻസ് അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.