ഇംഫാൽ: മണിപ്പൂർ വംശീയ സംഘർഷത്തിനിടെ വീടൊഴിഞ്ഞുപോകേണ്ടി വന്നവർ ബിഷ്ണുപുർ ജില്ലയിലെ ഫൗഗാക്ചോ ഇഖായിൽ സ്വന്തം വീടുകളിലേക്ക് മടങ്ങിയെത്താനായി പ്രതിഷേധവുമായി തടിച്ചുകൂടി. സൈനിക ബാരിക്കേഡുകൾ മറികടന്ന് വീടുകളിലേക്ക് മടങ്ങാനാണ് ജനം ഒത്തുകൂടിയത്. ദ്രുതകർമസേനയും അസം റൈഫിൾസും മണിപ്പൂർ പൊലീസും പ്രക്ഷോഭകരുമായി ഏറ്റുമുട്ടി. പലപ്പോഴായി കണ്ണീർ വാതകം പ്രയോഗിച്ചു. പ്രക്ഷോഭകർ സ്ഥലത്തുതന്നെ നിലയുറപ്പിച്ചു. തങ്ങളുടെ വീടുള്ള തോർബുങ്ങിലേക്ക് മടങ്ങാൻ അനുവദിക്കണമെന്നായിരുന്നു അവരുടെ ആവശ്യം.
50 പേർക്ക് പരിക്കേറ്റു. ഇതിൽ ഏറെയും സ്ത്രീകളാണ്. പരിക്കേറ്റവരെ ബിഷ്ണുപുർ ജില്ല ആശുപത്രിയിലേക്കും സമീപത്തെ ചികിത്സ കേന്ദ്രങ്ങളിലേക്കും മാറ്റി. സംഘർഷം വ്യാപിക്കാതിരിക്കാനായി മണിപ്പൂരിലെ അഞ്ച് താഴ്വര ജില്ലകളിൽ ചൊവ്വാഴ്ച വൈകീട്ടുമുതൽ കർഫ്യൂ ആണ്. പുലർച്ചെ അഞ്ചു മുതൽ വൈകീട്ട് ആറു വരെ കർഫ്യൂ ഇളവ് നിലനിന്ന ജില്ലകളാണിത്. കോഓഡിനേറ്റിങ് കമ്മിറ്റി ഓൺ മണിപ്പൂർ ഇന്റഗ്രിറ്റി (സി.ഒ.സി.ഒ.എം.ഐ)യും അവരുടെ വനിത വിഭാഗവും ബാരിക്കേഡുകൾ നീക്കാൻ രംഗത്തിറങ്ങണമെന്ന് കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. ബാരിക്കേഡ് നീക്കാനുള്ള ആഹ്വാനം സി.ഒ.സി.ഒ.എം.ഐ പിൻവലിക്കണമെന്ന് സംസ്ഥാന സർക്കാർ വക്താവും മന്ത്രിയുമായ സപം രഞ്ജൻ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലം കണ്ടില്ല. അവശ്യ സർവിസുകളിലുള്ളവരുടെ വാഹനങ്ങൾക്ക് കർഫ്യൂ ബാധകമായിരിക്കില്ലെന്ന് സർക്കാർ അറിയിച്ചു. ആഗസ്റ്റ് 30നകം ബാരിക്കേഡുകൾ നീക്കാൻ സർക്കാറിനോട് ആവശ്യപ്പെട്ടതാണെന്ന് സി.ഒ.സി.ഒ.എം.ഐ മാധ്യമ കോഓഡിനേറ്റർ സോമെന്ദ്രോ തോക്ചോം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.