എട്ടു കോടി തട്ടിയെടുക്കാൻ 54കാരനെ കൊന്ന് കത്തിച്ചു; 29കാരി ഭാര്യയടക്കം മൂന്നു പേർ പിടിയിൽ

മടിക്കേരി: സ്വത്ത് വിറ്റ് ലഭിച്ച എട്ടു കോടി തട്ടിയെടുക്കാൻ 54കാരനെ കൊന്ന് കത്തിച്ച് 29കാരിയായ ഭാര്യ. സംഭവത്തിൽ പൊലീസ് ഭാര്യയെയും രണ്ട് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു. നിഹാരിക (29), നിഖിൽ മായിറെഡ്ഡി (28), അൻകുൽ റാണ (30) എന്നിവരാണ് അറസ്റ്റിലായതെന്ന് കൊടക് എസ്.പി കെ. രാമരാജൻ പറഞ്ഞു. ഹൈദരാബാദ് സ്വദേശിയായ 54കാരനായ രമേഷ് കുമാറാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്‍റെ രണ്ടാം ഭാര്യയാണ് നിഹാരിക. നിഹാരികയുടെ മൂന്നാമത്തെ ഭർത്താവായിരുന്നു രമേഷ് കുമാർ.

ഒക്ടോബർ എട്ടിന് സുന്തികൊപ്പയിലെ എസ്റ്റേറ്റിൽ പാതി കത്തിനശിച്ച മൃതദേഹം കണ്ടെത്തുന്നതോടെയാണ് വിവരം പുറത്തറിഞ്ഞത്. ആരുടെ മൃതദേഹമാണിതെന്നും എന്താണ് സംഭവിച്ചതെന്നും കണ്ടെത്താൻ 16 പൊലീസുദ്യോഗസ്ഥർ നാല് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് ഊർജിത അന്വേഷണം ആരംഭിക്കുകയായിരുന്നു. സ്ഥലത്ത് വന്ന് പോയ വാഹനങ്ങൾ കണ്ടെത്താൻ പ്രദേശത്തെ 500 സി.സി.ടി.വി കാമറകളാണ് പൊലീസ് പരിശോധിച്ചത്. തുടർന്നാണ് സംഭവത്തിന്‍റെ ചുരുളഴിഞ്ഞത്. ഹൈദരാബാദ് സ്വദേശിയായ 54കാരനായ രമേഷ് കുമാറാണ് കൊല്ലപ്പെട്ടതെന്ന് തെളിഞ്ഞു.

പൊലീസ് പറയുന്നത്: തന്‍റെ ഒരു ഭൂമി വിറ്റ പണം എട്ടു കോടി രൂപ രമേഷ് കുമാറിന്‍റെ കൈവശമുണ്ടായിരുന്നു. ഈ പണം കൈക്കലാക്കാൻ നിഹാരിക പദ്ധതിയിടുകയായിരുന്നു. സുഹൃത്ത് റാണയോട് ഒക്ടോബർ ഒന്നിന് ഹൈദരാബാദിലെത്താൻ ആവശ്യപ്പെട്ടു. ഒക്ടോബർ മൂന്നിന് ഭർത്താവ് രമേഷ് കുമാറിനെയും കൂട്ടി ഹൈദരാബാദിലെത്തി. ഇവിടെ വെച്ച് രമേഷ് കുമാറിനെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. തുടർന്ന് ബംഗളൂരുവിലെ ഹൊരമാവുവിലേക്ക് പോയി മറ്റൊരു സുഹൃത്ത് നിഖിലിനെയും കൂടെ കൂട്ടി. പിന്നീട് സുന്തികൊപ്പയിലെ എസ്റ്റേറ്റിൽ എത്തി മൃതദേഹം കത്തിച്ചു.

ഒക്ടോബർ 22നാണ് നിഹാരിക അറസ്റ്റിലായത്. പിന്നാലെ രണ്ട് സുഹൃത്തുക്കളും അറസ്റ്റിലായി. അന്വേഷണത്തിൽ രമേഷ് കുമാറിന്‍റെ കാറും മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. രണ്ടാം ഭർത്താവിന്‍റെ പരാതിയിൽ നിഹാരിക നേരത്തെ വഞ്ചനാ കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 

Tags:    
News Summary - 54-year-old man was killed to extort 8 crores; Three people including his 29-year-old wife were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.