മൻമോഹൻ സിങ്ങിന് ഭാരത് രത്നം നൽകണമെന്ന് എ.എ.പി നേതാവ്; നീക്കത്തിന് പിന്നിൽ ഡൽഹി തെരഞ്ഞെടുപ്പ് നേട്ടമെന്ന് വിമർശനം

ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. മൻമോഹൻ സിങ്ങിന് രാജ്യത്തിന്‍റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത് രത്നം നൽകണമെന്ന് ആം ആദ്മി പാർട്ടി. ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് നൽകിയ സംഭാവന കണക്കിലെടുത്ത് ഭാരത് രത്നം നൽകണമെന്നാണ് എ.എ.പി നേതാവ് സഞ്ജയ് സിങ് ആവശ്യപ്പെട്ടത്. ഭാരത് രത്നം ലഭിക്കാനുള്ള എല്ലാ യോഗ്യതയും മൻമോഹൻ സിങ്ങിനുണ്ടെന്നും ഇക്കാര്യം കേന്ദ്ര സർക്കാർ ആലോചിക്കണമെന്നും സഞ്ജയ് സിങ് ചൂണ്ടിക്കാട്ടി.

'രാജ്യസഭയിലെത്തിയത് മുതൽ ഇതുവരെ അദ്ദേഹത്തിന്‍റെ അനുഗ്രഹം എനിക്ക് ലഭിച്ചു. ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു സംഭവമുണ്ട്. ഒരിക്കൽ ഞാൻ ഒപ്പിടുകയായിരുന്നു. പുറകിൽ നിന്ന് ആരോ എന്‍റെ തോളിൽ കൈവെച്ചു. ഞാൻ നോക്കിയപ്പോൾ ഡോ. മൻമോഹൻ സിങ് നിൽക്കുന്നത് കണ്ടു. ഞാൻ അദ്ദേഹത്തിന്‍റെ കാലിൽ തൊട്ടു. അദ്ദേഹം എന്‍റെ തോളിൽ കൈവെച്ച് പറഞ്ഞു, സഞ്ജയ് സിങ് ജി, നിങ്ങൾ പ്രതിപക്ഷത്തിന്‍റെ ശക്തമായ ശബ്ദമാണ്. ഈ വാക്കുകൾ ഞാൻ എപ്പോഴും ഓർക്കും. അദ്ദേഹം ഒരു മഹാനായിരുന്നു'. -സഞ്ജയ് സിങ് ചൂണ്ടിക്കാട്ടി.

മൻമോഹൻ സിങ് പാർലമെന്‍റിൽ സംസാരിക്കാൻ എഴുന്നേൽക്കുമ്പോൾ ഭരണ-പ്രതിപക്ഷ എം.പിമാർ നിശബ്ദരായി ഇരിക്കാറുണ്ടായിരുന്നു. രണ്ടോ മൂന്നോ മിനിട്ടിനുള്ളിൽ അദ്ദേഹം പ്രസംഗം പൂർത്തിയാക്കും. ചെറിയ വാക്കുകളിൽ വലിയ കാര്യങ്ങൾ അദ്ദേഹം പറയാറുണ്ടായിരുന്നു. രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ മൻമോഹൻ സിങ് സുപ്രധാന സംഭാവനകളാണ് നൽകിയത്.

ഡൽഹിയുമായി ബന്ധപ്പെട്ട ഓർഡിനൻസ് കേസിൽ രാജ്യസഭയിൽ ബിൽ വന്നപ്പോൾ, മൻമോഹൻ സിങ് വോട്ട് ചെയ്യാൻ വീൽചെയറിൽ സഭയിലെത്തി. ആം ആദ്മി പാർട്ടി ഇക്കാര്യം എപ്പോഴും ഓർക്കുമെന്നും സഞ്ജയ് സിങ് വ്യക്തമാക്കി.

അതേസമയം, ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന്‍റെ തീയതി പ്രഖ്യാപിക്കാനിരിക്കെ മൻമോഹൻ സിങ്ങിനെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള നീക്കമാണ് ആം ആദ്മി പാർട്ടി നടത്തുന്നതെന്ന വിമർശനം ഉയർന്നിട്ടുണ്ട്. ദേശീയതലത്തിൽ കോൺഗ്രസും എ.എ.പിയും ഇൻഡ്യ മുന്നണിയുടെ ഭാഗമാണെങ്കിലും ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും ഒറ്റക്കാണ് മത്സരിക്കുന്നത്. ഈ സാഹചര്യത്തിലാണ് എ.എ.പി നേതാവിന്‍റെ വാക്കുകൾ ചർച്ചയാകുന്നത്. 

Tags:    
News Summary - Sanjay Singh demands Bharat Ratna for Manmohan Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.