മനുഷ്യന്‍റെ ഹൃദയമറിയുന്ന കോടതിവിധിയെന്ന് മന്ത്രി കെ. രാജൻ; 'സർക്കാറിന്‍റെ വികാരം കോടതി പൂർണമായും തിരിച്ചറിഞ്ഞു'

തിരുവനന്തപുരം: മനുഷ്യന്‍റെ ഹൃദയമറിയുന്ന വിധിയാണ് വയനാട് പുനരധിവാസത്തിന് എസ്റ്റേറ്റുകൾ ഏറ്റെടുക്കാമെന്നുള്ള ഹൈകോടതി ഉത്തരവെന്ന് റവന്യൂ മന്ത്രി കെ. രാജൻ. സർക്കാറിന്‍റെ വികാരം കോടതി പൂർണമായും തിരിച്ചറിഞ്ഞുവെന്നതിന്‍റെയും തെളിവാണ് വിധി.

ഒരുമിച്ച് പുനരധിവസിപ്പിക്കണമെന്ന മേപ്പാടിയിലെ ജനങ്ങളുടെ ആവശ്യംകൂടി പരിഗണിച്ചാണ് വയനാട്ടിൽ ടൗൺഷിപ്പിന് സർക്കാർ പദ്ധതിയിട്ടത്. ടൗൺഷിപ്പിനാവശ്യമായ സ്ഥലം വയനാട്ടിൽ എസ്റ്റേറ്റുകളിൽ മാത്രമാണ് കണ്ടെത്താനാവുക. അതുകൊണ്ട് ആദ്യഘട്ടത്തിൽ ടൗൺഷിപ്പിന് അനുയോജ്യമായ 25 സ്ഥലങ്ങൾ കണ്ടെത്തി. ഭൗമശാസ്ത്ര സംഘം പരിശോധിച്ചശേഷം കൂടുതൽ അനുയോജ്യമായ ഒമ്പതെണ്ണം പട്ടികപ്പെടുത്തി. മേപ്പാടിയിലോ സമീപസ്ഥലത്തോ ടൗൺഷിപ്പ് വേണമെന്നായിരുന്നു ദുരന്തബാധിതരുടെ ആവശ്യം. തുടർന്നാണ് നെടുമ്പാല എസ്റ്റേറ്റ്, എൽസ്റ്റോൺ എസ്റ്റേറ്റ് എന്നിവ കണ്ടെത്തിയത്.

ദുരന്തമുണ്ടായി രണ്ട് മാസത്തിനകം തന്നെ ഒക്ടോബർ നാലിന് പുനരധിവാസത്തിന് എസ്റ്റേറ്റ് ഏറ്റെടുക്കാൻ ദുരന്തനിവാരണ നിയമപ്രകാരം സർക്കാർ തീരുമാനിച്ചു. ആ തീരുമാനമാണ് ഇപ്പോൾ കോടതി അംഗീകരിച്ചിരിക്കുന്നത്. ഉത്തരവ് അന്നുതന്നെ നടപ്പായിരുന്നെങ്കിൽ ഇന്ന് അവിടെ വീടുകളുടെ നിർമാണം ആരംഭിക്കാമായിരുന്നെന്നും മന്ത്രി പറഞ്ഞു.

സർക്കാർ എടുത്ത സമയം ഒട്ടും വൈകിയതല്ല എന്നതാണ് കോടതിക്ക് ബോധ്യപ്പെട്ടത്. സ്പോൺസർമാരുമായി അടുത്തവർഷം ആദ്യ ആഴ്ച മുഖ്യമന്ത്രി കൂടി കാഴ്ച നടത്തും. പുനരധിവസിപ്പിക്കേണ്ടവരുടെ തെളിമയാർന്ന പട്ടിക ഉടൻ പുറത്തുവിടും കോടതിവിധി ആഹ്ലാദകരമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.

ദുരിതബാധിതരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിക്കായി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ഉടമകള്‍ നല്‍കിയ ഹരജിയാണ് ഇന്ന് ഹൈകോടതി തള്ളിയത്. എസ്റ്റേറ്റ് ഭൂമികള്‍ക്ക് നഷ്ടപരിഹാരം നൽകികൊണ്ട് ഏറ്റെടുക്കാമെന്നാണ് ഹൈകോടതി ഉത്തരവിട്ടത്. ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം എസ്റ്റേറ്റുകൾ ഏറ്റെടുക്കാം.

ദുരിതബാധിതര്‍ക്കായി ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നതിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ഹാരിസണ്‍ മലയാളം, എല്‍സ്‌റ്റോണ്‍ ടീ എസ്‌റ്റേറ്റ് എന്നിവർ കോടതിയെ സമീപിക്കുകയായിരുന്നു. ഹരജികളില്‍ നവംബര്‍ 26ന് വാദം പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് വിധി പറയാന്‍ മാറ്റിവെക്കുകയായിരുന്നു.

ലാന്‍ഡ് അക്വിസിഷന്‍ നിയമ പ്രകാരം നാളെ മുതല്‍ ഭൂമി അളന്ന് തിട്ടപ്പെടുത്താമെന്ന് ഹൈകോടതി വ്യക്തമാക്കി. ഏറ്റെടുക്കുന്ന ഭൂമിക്ക് നിയമപ്രകാരമുള്ള നഷ്ടപരിഹാരം എസ്റ്റേറ്റ് ഉടമകള്‍ക്ക് നല്‍കണം. നഷ്ടപരിഹാരത്തിൽ തർക്കം ഉണ്ടെങ്കിൽ എസ്റ്റേറ്റ് ഉടമകൾക്ക് നിയമനടപടികളുമായി മുന്നോട്ടുപോകാം. എസ്റ്റേറ്റ് ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിന് സർക്കാരിന് വേണ്ട സഹായം ചെയ്തു കൊടുക്കണമെന്നും കോടതി വ്യക്തമാക്കി. 

Tags:    
News Summary - Minister K Rajan welcomes high court judgement on Wayanad township land aquisition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.