കശ്മീരി രാഷ്ട്രീയ തടവുകാരൻ യു.പി ജയിലിൽ മരിച്ചു

ശ്രീനഗർ: നിരോധിത സംഘടനയായ ജമ്മു-കശ്മീർ ജമാഅത്തെ ഇസ്ലാമി പ്രവർത്തകനെന്ന് ആരോപിച്ച് പൊതുസുരക്ഷാ നിയമപ്രകാരം (പി‌.എസ്‌.എ) കുറ്റം ചുമത്തിയ 65കാരന് യു.പിയിലെ അലഹബാദ് ജയിലിൽ അന്ത്യം. ജമ്മു കശ്മീരിൻെറ പ്രത്യേക പദവി കേന്ദ്രം റദ്ദാക്കിയതിന് തൊട്ടുപിന്നാലെ പി‌.എസ്‌.എ ചുമത്തി തടവിലാക്കപ്പെട്ട ഒരാളായ ഗുലാം മുഹമ്മദ് ഭട്ട് ആണ് മരിച്ചത്.

വടക്കൻ കശ്മീരിലെ ഹന്ദ്വാരയിലെ കുലങ്കം നിവാസിയായ അദ്ദേഹത്തെ ജമ്മു-കശ്മീർ ജമാഅത്തെ ഇസ്ലാമിയിൽ പ്രവർത്തിച്ചെന്നാരോപിച്ചാണ് അറസ്റ്റ് ചെയ്തിരുന്നത്. വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ടിയിരുന്ന ഗുലാം മുഹമ്മദ് ഭട്ട് അലഹബാദിലെ നൈനി സെൻട്രൽ ജയിലിൽ ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് മരണപ്പെട്ടത്. മൃതദേഹം ശ്രീനഗറിലെത്തിച്ച് കുടുംബത്തിന് കൈമാറി. രണ്ട് കേസുകൾ ആണ് ഇയാൾക്കെതിരെ ചുമത്തിയിരുന്നത്.

കശ്മീരിന് പുറത്ത് മരണമടഞ്ഞ ആദ്യത്തെ കശ്മീരീ രാഷ്ട്രീയ തടവുകാരനാണ് ഗുലാം മുഹമ്മദ് ഭട്ട്. ആഭ്യന്തര മന്ത്രാലയത്തിൻെറ കൈകളിൽ ഭട്ടിൻെറ രക്തമുണ്ടെന്നും മരണത്തിന് അവരാണ് ഉത്തരവാദികളെന്നും മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു. മകൾ ഇൽതിജ ആണ് മെഹ്ബൂബയുടെ ട്വിറ്റർ കൈകാര്യം ചെയ്യുന്നത്.

കശ്മീരിൽ പി‌.എസ്‌.എ ചുമത്തി അറസ്റ്റ് െചയ്യപ്പെട്ട 300ഓളം രാഷ്ട്രീയ തടവുകാരെ ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലെ വിവിധ ജയിലുകളിൽ പാർപ്പിച്ച് വരികയാണ്. മെഹബൂബ മുഫ്തി, ലോക്‌സഭയിലെ സിറ്റിങ് അംഗവും മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല, മറ്റൊരു മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല എന്നിവരെ പി.എസ്.എ കുറ്റം ചുമത്തി വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്.

Tags:    
News Summary - 65-Year-Old J&K Resident, Jailed Under Public Safety Act, Dies In UP Jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.