ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ വിചാരണ തടവുകാരായ എട്ട് സിമി പ്രവർത്തകർ ജയിൽചാടി. ഭോപ്പാൽ സെൻട്രൽ ജയിലിൽ പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാർഡിനെ കൊലപ്പെടുത്തിയ ശേഷമായിരുന്നു പ്രതികൾ കടന്നു കളഞ്ഞത്. ഹെഡ് കോൺസ്റ്റബിൾ രമാ ശങ്കറാണ് കൊല്ലപ്പെട്ടത്.
സെൻട്രൽ ജയിലിലെ ബി ബ്ലോക്കിലായിരുന്നു എട്ടു തടവുകാരെയും പാർപ്പിച്ചിരുന്നത്. ബെഡ് ഷീറ്റ് ഉപയോഗിച്ച് ജയിലിന്‍റെ കൂറ്റൻ മതിലിൽ കയറിയാണ് തടവുകാർ രക്ഷപ്പെട്ടതെന്ന് ഭോപ്പാൽ ഡി.ഐ.ജി രമൺ സിങ് മാധ്യമങ്ങളെ അറിയിച്ചു. ദീപാവലി ആഘോഷത്തിൽ ഭോപ്പാൽ നഗരം മുങ്ങിയ ദിവസമാണ് തടവുകാർ രക്ഷപ്പെടാൻ തെരഞ്ഞെടുത്തത്.
സ്റ്റീൽ പ്ലേറ്റും ഗ്ലാസും കൊണ്ട് കഴുത്തിനേറ്റ മുറിവാണ് ഗാർഡിന്‍റെ മരണത്തിന് കാരണമെന്ന് ഡി.ഐ.ജി പറഞ്ഞു. രക്ഷപ്പെട്ട തടവുകാരെ പിടികൂടാൻ പൊലീസും ജയിൽ അധികൃതരും സംയുക്ത പരിശോധന ആരംഭിച്ചു. തടവുകാർ രക്ഷപ്പെട്ട സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭുപേന്ദ്ര സിങ് അറിയിച്ചു. സംഭവത്തിൽ വീഴ്ച വരുത്തിയ അഞ്ച് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
2013ൽ ഏഴു സിമി പ്രവർത്തകർ ജയിൽ ചാടിയിരുന്നു. ഭോപ്പാലിൽ നിന്ന് 280 കിലോമീറ്റർ അകലെ ഖാണ്ഡ് വ ജയിലിലായിരുന്നു സംഭവം. കുളിമുറിയുടെ ഭിത്തി തകർത്തായിരുന്നു ഇത്.
ഉത്തർപ്രദേശിലെ അലിഗഡിൽ 1977 ഏപ്രിലിൽ രൂപീകരിക്കപ്പെട്ട സംഘടനയാണ് സിമി. സിമിയുടെ പ്രവർത്തനങ്ങൾക്ക് രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
#WATCH Bhopal SP Arvind Saxena speaks on the 8 SIMI terrorists who fled from Bhopal central jail pic.twitter.com/q9uCOSF9fh
— ANI (@ANI_news) October 31, 2016
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.