ന്യൂഡൽഹി: നിലവിൽ പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തിയ രാജ്യത്തെ 87 രജിസ്റ്റർ ചെയ്ത അംഗീകാരമില്ലാത്ത രാഷ്ട്രീയ പാർട്ടികളെ (ആർ.യു.പി.പി) തെരഞ്ഞെടുപ്പ് കമീഷന്‍റെ പട്ടികയിൽനിന്ന് നീക്കം ചെയ്തു. ഭാരവാഹികളുടെ പേര് വിവരങ്ങൾ നൽകാതിരിക്കൽ, വാർഷിക ഓഡിറ്റ് കണക്ക്, സംഭാവന റിപ്പോർട്ട്, തെരഞ്ഞെടുപ്പ് ചെലവ് കണക്ക് തുടങ്ങിയ കാര്യങ്ങൾ നൽകുന്നതിൽ വീഴ്ചവരുത്തൽ, തെരഞ്ഞെടുപ്പ് നിയമം ലംഘിക്കൽ തുടങ്ങിയ കാരണങ്ങളാൽ രാജ്യത്തെ 2,100ലധികം അംഗീകാരമില്ലാത്ത രാഷ്ട്രീയ പാർട്ടികൾക്കെതിരെ നടപടിയെടുക്കുമെന്ന് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചിരുന്നു.
2,100ലധികം പാർട്ടികളിൽ ചിലത് ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടത്തുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു. നിയമപ്രകാരം പാർട്ടിയുടെ മേൽവിലാസം പുതുക്കുന്നതിൽ 87 പാർട്ടികളും പരാജയപ്പെട്ടുവെന്നും ഓരോ സംസ്ഥാനത്തെയും മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് നടത്തിയ പരിശോധനയിൽ ഈ പാർട്ടികൾ നിലനിൽക്കുന്നില്ലെന്ന് കണ്ടെത്തിയെന്നും അധികൃതർ അറിയിച്ചു.
തെരഞ്ഞെടുപ്പ് കമീഷന്‍റെ പട്ടികയിൽനിന്ന് നീക്കം ചെയ്ത പാർട്ടികളുടെ പേരുകൾ അടങ്ങിയ പട്ടികയും വ്യാഴാഴ്ച പുറത്തുവിട്ടു. കമീഷന്‍റെ നടപടിക്കെതിരെ പാർട്ടി ഇപ്പോഴും പ്രവർത്തിക്കുന്നുവെന്നതിന്‍റെ തെളിവ് സഹിതം മുഖ്യ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കാമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.