ന്യൂഡൽഹി: പ്രതിപക്ഷ സഖ്യത്തിനുള്ളിലെ ഏകോപനമില്ലായ്മയെക്കുറിച്ചുള്ള ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയുടെ പ്രസ്താവനക്കു പിന്നാലെ സമാന വികാരം പ്രതിഫലിപ്പിച്ച് ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവത്ത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം സഖ്യത്തിന്റെ ഭാവി ഗതി ആസൂത്രണം ചെയ്യുന്നതിനുള്ള യോഗങ്ങളൊന്നും നടന്നിട്ടില്ലെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ റാവത്ത് പറഞ്ഞു.
‘ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഞങ്ങൾ ഒരുമിച്ച് പോരാടി. ഫലങ്ങളും മികച്ചതായിരുന്നു. അതിനുശേഷം, ഇൻഡ്യാ സഖ്യം നിലനിർത്താനും ഒരുമിച്ച് മുന്നോട്ട് പോകാനുമുള്ള വഴി കാണിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും പ്രത്യേകിച്ച് കോൺഗ്രസിന്റെ ഉത്തരവാദിത്തമായിരുന്നു. എന്നാൽ, ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം ഇതുവരെ ഒരു യോഗം പോലും നടന്നില്ല. ഇത് ഇൻഡ്യാ സഖ്യത്തിന് ചേർന്നതല്ല... ഉമർ അബ്ദുല്ല, മമമതാ ബാനർജി, അഖിലേഷ് യാദവ്, അരവിന്ദ് കെജ്രിവാൾ തുടങ്ങിയ നേതാക്കളെല്ലാം പറയുന്നത് ഇൻഡ്യാ സഖ്യത്തിന് ഇപ്പോൾ നിലനിൽപ്പില്ലെന്നാണ്. തകർച്ചക്ക് കോൺഗ്രസ് ആണ് ഉത്തരവാദികളെന്നും സഖ്യത്തിനകത്ത് ഏകോപനവും ചർച്ചയും സംഭാഷണവും ഇല്ലെന്നും റാവത്ത് പറഞ്ഞു. ഈ സഖ്യം ഒരിക്കൽ തകർന്നാൽ ഇനി ഒരിക്കലും രൂപപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിലുള്ള സംഘർഷം കണക്കിലെടുത്ത് പ്രതിപക്ഷ സഖ്യത്തെക്കുറിച്ച് വ്യക്തത വരുത്തണമെന്ന് നാഷനൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ല ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് റാവത്തിന്റെ പരാമർശം. ലോക്‌സഭാ തെരഞ്ഞെടുപ്പിനുവേണ്ടി മാത്രമായിരുന്നു സഖ്യമെങ്കിൽ അത് അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ പാർട്ടികൾ പ്രത്യേകം പ്രവർത്തിക്കാൻ തുടങ്ങണമെന്നും അബ്ദുല്ല പറയുകയുണ്ടായി.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും വെവ്വേറെ മത്സരിക്കാൻ തീരുമാനിച്ചതോടെയാണ് ഇൻഡ്യാ ബ്ലോക്കിനുള്ളിൽ വിള്ളലുകൾ രൂപപ്പെട്ടത്. ഇരു പാർട്ടികളും ഇതിനകം തന്നെ രാഷ്ട്രീയ ഏറ്റുമുട്ടലിലാണ്. ഡൽഹി കോൺഗ്രസ് നേതാക്കൾ ആപിന്റെ പത്തുവർഷത്തെ ‘ദുർഭരണത്തെ’ വിമർശിക്കുകയും ആപ് തിരിച്ചടിക്കുകയും ചെയ്തിരുന്നു.
ദിവസങ്ങൾക്കുമുമ്പ്, കോൺഗ്രസ് ട്രഷറർ അജയ് മാക്കൻ എ.എ.പി നേതാവ് അരവിന്ദ് കെജ്‌രിവാളിനെതിരെ കടുത്ത ആക്രമണം അഴിച്ചുവിട്ടിരുന്നു. കെജ്‌രിവാളിനെ ദേശവിരുദ്ധനെന്നും വിശേഷിപ്പിച്ചു. പരാമർശത്തിൽ മാപ്പ് പറയണമെന്ന് ആപ് കോൺഗ്രസിന് അന്ത്യശാസനം നൽകി. ഇത് രണ്ട് ഇൻഡ്യാ ബ്ലോക്ക് സഖ്യകക്ഷികൾ തമ്മിലുള്ള കൂടുതൽ രാഷ്ട്രീയ പോരാട്ടത്തിന് കളമൊരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.