മുംബൈ: 9000 കോടി രൂപയുടെ ബാങ്ക് കുടിശ്ശിക വരുത്തി വിദേശത്തേക്ക് കടന്ന മദ്യരാജാവ് വിജയ് മല്യയെ കാത്ത് മുംബൈ ആർതർ റോഡ് ജയിലിലെ ബാരക് നമ്പർ 12. ലണ്ടനിൽ പാർക്കുന്ന വിജയ് മല്യയെ ആ രാജ്യം ഇന്ത്യക്ക് കൈമാറിയാൽ എവിടെ പാർപ്പിക്കുമെന്ന ചോദ്യം കേന്ദ്ര ആഭ്യന്തര വകുപ്പ് മഹാരാഷ്ട്ര സർക്കാറിനോട് ആരാഞ്ഞിരുന്നു.
സർക്കാർ ആഭ്യന്തര വകുപ്പിനോട് ഇത് സംബന്ധിച്ച് വിശദീകരണവും തേടി. ഒരു ഹൈ പ്രൊഫൈൽ പ്രതിയെ പാർപ്പിക്കാനുളള എല്ലാ സജ്ജീകരണങ്ങളും ആർതർ റോഡ് ജയിലിലെ ബാരക് നമ്പർ 12നുണ്ടെന്നാണ് ജയിൽ വകുപ്പ് നൽകിയ മറുപടി. ആർതർ റോഡ് ജയിലിനു പുറമെ നവി മുംബൈയിലെ തലോജ ജയിലിലും ഇത്തരം ബാരക്കുകളുണ്ട്.
ഇന്ത്യക്ക് തന്നെ കൈമാറുന്നത് തടയാൻ വിജയ് മല്യ അടവുകൾ പലതും പയറ്റുകയാണ്. കൈമാറ്റത്തിനെതിരെ ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ കോടതിയിൽ വാദ പ്രതിവാദം നടന്നുവരുകയാണ്. ഇന്ത്യയിലെ ജയിലുകളുടെ അവസ്ഥ മഹാ മോശമെന്നാണ് മല്യ കോടതിയിൽ പറഞ്ഞത്. കേന്ദ്രം മഹാരാഷ്ട്രയോട് വിവരം തേടിയത് ഇതേ തുടർന്നായിരുന്നു. ഹൈപ്രൊഫൈൽ വിചാരണ തടവുകാരെ പാർപ്പിക്കാൻ പ്രാപ്തമായ ജയിലറകളുടെ വിവരം എണ്ണമിട്ട് നൽകിയ ജയിൽ വകുപ്പിന്റെ കുറിപ്പ് മഹാരാഷ്ട്ര കേന്ദ്രത്തിന് കൈമാറും.
വലിപ്പം, മറ്റ് സജ്ജീകരണങ്ങൾ, സുരക്ഷ എന്നിവയിൽ കേമമത്രെ ആർതർ റോഡ് ജയിലിലെ ബാരക്ക് നമ്പർ 12. മല്യയെ കൈമാറ്റം ചെയ്യുകയാണെങ്കിൽ ബ്രിട്ടൺ കൈമാറ്റ കരാറിൽ ആവശ്യപ്പെേട്ടക്കാവുന്ന നിബന്ധനകളെല്ലാം പാലിക്കാനാകുമെന്നും ജയിലിൽ വകുപ്പ് ഉറപ്പു നൽകിയിട്ടുണ്ട്. എന്നാൽ, ഏറ്റവും കൂടുതൽ സുരക്ഷ 2008ലെ മുംബൈ ആക്രമണ കേസ് പ്രതി അജ്മൽ അമിർ കസബിനെ പാർപ്പിച്ച പ്രത്യേക സെല്ലാണ്. ഇതിന്‍റെ ചുമരുകൾ ബുള്ളറ്റ് പ്രൂഫ് സംവിധാനങ്ങുളോടെയുള്ള നിർമിതിയാണ്.
കസബിനെ തൂക്കിലേറ്റിയ ശേഷം ഇപ്പോൾ അതിൽ പാർപ്പിച്ചിരിക്കുന്നത് മുംബൈ ആക്രമണ കേസിലെ മറ്റൊരു പ്രതിയായ അബു ജുന്തൾ എന്ന സാബിഉദ്ദീൻ അൻസാരിയെയാണ്. ഇയാൾക്ക് പുറമെ അതീവ സുരക്ഷ ആവശ്യമുള്ള പ്രതികളെയും ജയിലിൽ ഭീഷണിയായ പ്രതികളെയും പാർപ്പിക്കുന്നതും ഇൗ പ്രത്യേക സെല്ലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.