കാൺപൂർ: പ്രതിശ്രുത വധു വിവാഹത്തിൽ നിന്ന് പിന്മാറിയതിന്‍റെ ആഘാതത്തിൽ 23കാരൻ മരിച്ചു. ഇ-റിക്ഷാ ഡ്രൈവറായ പ്രേം ബാബുവാണ് മരിച്ചത്. പ്രേം ബാബുവിന്‍റെയും പാൽ ബസ്തി കക്കാഡിയോ സ്വദേശിയായ യുവതിയുടെയും വിവാഹം നവംബർ 29നാണ് നടത്താൻ നിശ്ചയിച്ചിരുന്നത്. നവംബർ 18ന് ഇവർ തമ്മിൽ തർക്കമുണ്ടായി. പിന്നീട് പ്രതിശ്രുതവധുവുമായി ഇയാൾ പുറത്ത് പോയിരുന്നു. എന്നാൽ, യുവതി വിവാഹത്തിന് വിസമ്മതിക്കുകയും ഇതിന്‍റെ ആഘാതത്തിൽ പ്രേം മരിക്കുകയും ചെയ്തെന്ന് പൊലീസ് പറയുന്നു.
ഞായറാഴ്ച വൈകുന്നേരത്തോടെ പ്രേമിന്‍റെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയായിരുന്നു. കുടുംബാംഗങ്ങൾ ഇയാളെ കാൺപൂരിലെ ലാലാ ലജ്പത് റായ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അന്നു രാത്രിയോടെ ഇയാൾ മരണത്തിന് കീഴടങ്ങി. വിവാഹ നിശ്ചയം മുടങ്ങിയതിൽ പ്രേം മാനസികമായി തകർന്നിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു.
അതേസമയം, യുവതിയും വീട്ടുകാരും ചേർന്ന് പ്രേമിനെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തതായി കുടുംബാംഗങ്ങൾ ആരോപിച്ചു. പെൺകുട്ടിക്കും കുടുംബത്തിനുമെതിരെ കർശന നടപടി ആവശ്യപ്പെട്ട് ഇവർ ആശുപത്രിയിൽ ബഹളംവെച്ചു. പൊലീസെത്തിയാണ് അന്തരീക്ഷം ശാന്തമാക്കിയത്. പരാതിയുടെയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.