ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണിനെതിരായ ലൈംഗികാതിക്രമ കേസിൽ ഈ മാസം 15നകം പൊലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുമെന്ന സർക്കാർ ഉറപ്പ് മുൻനിർത്തി ഒരാഴ്ചത്തേക്ക് സമരം നിർത്തി ഗുസ്തി താരങ്ങൾ.
കായികമന്ത്രി അനുരാഗ് ഠാകുർ ബുധനാഴ്ച നടത്തിയ ആറുമണിക്കൂർ നീണ്ട ചർച്ചയെത്തുടർന്നാണ് പ്രക്ഷോഭം തൽക്കാലം നിർത്തിവെക്കാൻ ഗുസ്തിതാരങ്ങൾ തീരുമാനിച്ചത്.
ബ്രിജ് ഭൂഷണിന്റെ അറസ്റ്റ് വൈകുന്നതിന് കേന്ദ്രം കാരണമായി ചൂണ്ടിക്കാട്ടിയത് അന്വേഷണം കഴിയട്ടെ എന്നതായിരുന്നു. ജൂൺ 15നകം അന്വേഷണം പൂർത്തിയാക്കിയിട്ടും അറസ്റ്റിലേക്ക് കടന്നില്ലെങ്കിൽ സമരം തുടരാനാണ് ഗുസ്തി താരങ്ങളുടെ തീരുമാനം.
ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷസ്ഥാനത്തേക്ക് പുതിയ തെരഞ്ഞെടുപ്പ് നടത്തുമെന്ന് മന്ത്രി ഉറപ്പുനൽകി. ജൂൺ 30നകം പൂർത്തിയാക്കും. സമരവുമായി ബന്ധപ്പെട്ട് ഗുസ്തി താരങ്ങൾക്കെതിരെ ചുമത്തിയ കലാപശ്രമം അടക്കം എല്ലാ കേസുകളും 28നകം പിൻവലിക്കും.
വനിതയെ അധ്യക്ഷയാക്കി അന്തർദേശീയതലത്തൽ ഇന്റേണൽ കംപ്ലെയിന്റ് കമ്മിറ്റി രൂപവത്കരിക്കും തുടങ്ങിയവയാണ് കേന്ദ്രം നൽകിയ ഉറപ്പുകൾ. ചർച്ച വിജയകരമെന്നാണ് മന്ത്രി അനുരാഗ് ഠാകുർ പറഞ്ഞത്.
ജൂൺ 15 വരെ സമരം താൽക്കാലികമായി നിർത്തിവെക്കുകയാണെന്നും ബ്രിജ് ഭൂഷണിന്റെ അറസ്റ്റുണ്ടായില്ലെങ്കിൽ വീണ്ടും തുടരുമെന്നും ചർച്ച കഴിഞ്ഞ് മടങ്ങുന്നതിനിടെ ഗുസ്തി താരങ്ങളായ സാക്ഷി മാലിക്കും ബജ്രംഗ് പുനിയയും പറഞ്ഞു. ഗുസ്തി ഫെഡറേഷനിലേക്ക് ബ്രിജ് ഭൂഷണിനെയും അദ്ദേഹത്തിന്റെ ബന്ധുക്കളെയും മത്സരിപ്പിക്കരുതെന്ന് ഗുസ്തി താരങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സാക്ഷി മാലിക്, ബജ് രംഗ് പുനിയ എന്നിവരാണ് ചർച്ചക്കായി ബുധനാഴ്ച മന്ത്രിയുടെ വസതിയിൽ എത്തിയത്.
സമരത്തിലെ പ്രധാന മുഖമായ വിനേഷ് ഫോഗട്ട് ഹരിയാനയിൽ നേരത്തേ തീരുമാനിച്ച മഹാപഞ്ചായത്തിൽ പങ്കെടുക്കാനുള്ളതിനാൽ ചർച്ചക്കെത്തിയില്ല. അഞ്ചുദിവസത്തിനിടെ രണ്ടാം തവണയാണ് കേന്ദ്രം സമരക്കാരുമായി ചർച്ച നടത്തുന്നത്.
ശനിയാഴ്ച ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ ചർച്ച വിജയം കണ്ടിരുന്നില്ല. ഇതിന്റെ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് രണ്ടാംവട്ട ചർച്ച.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.