കച്ച് (ഗുജറാത്ത്): ഗുജറാത്തിലെ കച്ചിൽ സംഘടിപ്പിച്ച മൃഗമേളയിൽ ബന്നി ഇനത്തിൽപെട്ട എരുമയായ ‘ഓദൻ’ വിറ്റത് 7.11 ലക്ഷം രൂപക്ക്. മത്സരങ്ങളിൽ പങ്കെടുക്കുന്ന ‘ഓദൻ’ എരുമകൾ ഉൾപ്പെടുന്ന മൃഗമേള ഹോഡ്‌കോ ഗ്രാമത്തിൽ പതിവായി നടത്താറുണ്ട്. ഉയർന്ന ആരോഗ്യവും ശാരീരികക്ഷമതയും ‘ഓദൻ’ എരുമയുടെ ഡിമാൻഡിനും ഉയർന്ന വിലക്കും കാരണമാകുന്നു.
ഗാന്ധിനഗർ ജില്ലയിലെ ചന്ദ്രല ഗ്രാമത്തിലെ സോണാൽനഗറിലെ മംഗൾ ധൻ ഗധ്‍വിയുടെ ഉടമസ്ഥതയിലുള്ളതാണ് എരുമ. പശുവളർത്തൽ തൊഴിൽ ചെയ്യുന്ന ഗോവ ഭായ് റാബാരിയാണ് പൊന്നും വില നൽകി ഈ എരുമയെ സ്വന്തമാക്കിയത്. അടുത്തിടെ ബന്നി ഇനത്തിൽപെട്ട എരുമക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന വിലയാണിത്.
ബന്നി എരുമയായ ‘ഓദൻ’ പ്രതിദിനം ശരാശരി 20 ലിറ്ററിലധികം പാൽ നൽകുന്നുവെന്നാണ് കണക്കാക്കുന്നത്. സാധാരണ ബന്നി എരുമകൾക്ക് മൂന്ന് മുതൽ നാലു ലക്ഷം വരെയാണ് വില ലഭിക്കാറ്. ‘ഓദൻ’ നേടിയ തകർപ്പൻ വില കാലി വ്യവസായത്തിൽ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കയാണ്.
പരിമിതമായ ജലസ്രോതസ്സുകളുള്ള പ്രദേശത്ത് നിന്നാണ് വരുന്നതെങ്കിലും ബന്നി എരുമകൾ മറ്റ് ഇനങ്ങളെ അപേക്ഷിച്ച് കൂടുതൽ കാര്യക്ഷമവും ലാഭകരവുമാണ്. അതിനാൽ തന്നെ അവക്ക് ആവശ്യക്കാർ കൂടുതലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.