ജയ്പൂർ: അയൽവാസിയായ 14 വയസുകാരനെ തീകൊളുത്തി കൊലപ്പെടുത്തിയ ഏഴു വയസുകാരനെതിരെ ഉദ്യോഗ് നഗർ പൊലീസ് കേസെടുത്തു. ആക്രമണത്തിൽ പരിക്കേറ്റ് എം.ബി.എസ് ആശുപത്രിയിൽ ഒരു മാസമായി ചികിത്സയിലായിരുന്ന കുട്ടി ബുധനാഴ്ചയാണ് മരിച്ചത്. സംഭവത്തിൽ കുട്ടിക്ക് 60 ശതമാനം പൊള്ളലേറ്റിരുന്നു.
മെയ് 13ന് ഉദ്യോഗ് നഗറിന് കീഴിലുള്ള പ്രേംനഗർ കോളനിയിലെ വീടിന് സമീപം കളിക്കുന്നതിനിടെ ഏഴുവയസുകാരനുമായി വാക്കേറ്റമുണ്ടായെന്നും തുടർന്നാണ് ആക്രമണം നടന്നതെന്നും മരണത്തിന് മുമ്പ് പൊലീസിന് നൽകിയ മൊഴിയിൽ കുട്ടി പറഞ്ഞു.
രോഷാകുലനായ ഏഴുവയസുകാരൻ സമീപത്ത് നിർത്തിയിട്ടിരുന്ന പിതാവിന്റെ ഓട്ടോറിക്ഷയിൽ നിന്ന് ഒരു കുപ്പി ഡീസൽ എടുത്ത് കൂട്ടുകാരന്റെ ദേഹത്ത് ഒഴിച്ച് കത്തിക്കുകയായിരുന്നുവെന്നാണ് മൊഴി. കുട്ടി ആക്രമണത്തിന് ഇരയായപ്പോൾ കൊലപാതകശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു. കുട്ടി മരിച്ചതോടെയാണ് 302-ാം വകുപ്പ് പ്രകാരം കൊലപാതക കുറ്റം ചുമത്തിയത്.
ഏഴുവയസുകാരനും മാതാപിതാക്കളും മധ്യപ്രദേശിലെ ഷിയോപൂർ സ്വദേശികളാണെങ്കിലും പ്രേംനഗർ കോളനിയിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. കുട്ടിയുടെ പിതാവ് ഓട്ടോറിക്ഷ ഡ്രൈവറാണ്. സംഭവത്തെത്തുടർന്ന് കുട്ടിയും മാതാപിതാക്കളും സ്വന്തം നാട്ടിലേക്ക് മടങ്ങിയിരുന്നു. മാതാപിതാക്കളുടെ സംരക്ഷണയിൽ കഴിയുന്ന കുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ തുടർനടപടികൾക്കായി പ്രാദേശിക കോടതിയിൽ പൊലീസ് അപേക്ഷ നൽകി. കുട്ടിയുടെ പ്രായം നിർണ്ണയിക്കാൻ വൈദ്യപരിശോധന നടത്താൻ അനുവദിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.