ചെന്നൈ: തമിഴ്നാട്ടിലെ ചെന്നൈയിൽ രാജീവ്ഗാന്ധി ഗവ. ജനറൽ ആശുപത്രിയിൽ വൻ തീപിടിത്തം. ആളപായമില്ലെന്നാണ് ആദ്യ റിപ്പോർട്ട്. ബുധനാഴ്ച രാവിലെ 11 മണിയോടെ ആശുപത്രിയിലെ രണ്ടാമത്തെ ബ്ലോക്കിൽ താഴത്തെ നിലയിലെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ യുനിറ്റിന് സമീപം ഓക്സിജൻ സിലിണ്ടറുകളും മറ്റു ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്.
ഓക്സിജൻ സിലിണ്ടറുകൾ വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ലക്ഷങ്ങളുടെ സാധന സാമഗ്രികൾ കത്തി നശിച്ചു. പൊലീസും അഗ്നിശമന യുനിറ്റുകളുമെത്തി രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. കെട്ടിടത്തിനകത്ത് കരിമ്പുക പടർന്നത് രക്ഷാപ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിച്ചു.
ബ്ലോക്കിൽ കുടുങ്ങിയ 32 രോഗികളെയും മറ്റും സുരക്ഷിതമായി പുറത്തേക്ക് എത്തിച്ചു. മറ്റു വാർഡുകളിലേക്ക് തീ പടരാത്തതിനാൽ വൻ ദുരന്തമൊഴിവായി. രോഗികളെയും മറ്റും ഉടനടി മറ്റു സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ഷോർട്ട് സർക്യൂട്ടോ സിലിണ്ടറിലെ വാതക ചോർച്ചയോ ആവാം കാരണമെന്ന് കരുതപ്പെടുന്നു. ആരോഗ്യമന്ത്രി എം. സുബ്രമണ്യൻ, വകുപ്പ് സെക്രട്ടറി ജെ. രാധാകൃഷ്ണൻ തുടങ്ങിയവർ സംഭവ സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.