ബെംഗളൂരു: ബെലഗാവിയിൽ അച്ഛനൊപ്പം ബൈക്കില്‍ പോകവേ പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ക്കുരുങ്ങി ആറു വയസുകാരന് ദാരുണാന്ത്യം. അനന്തപൂർ സ്വദേശിയായ വർധൻ ഈരണ്ണ ബല്ലെ എന്ന കുട്ടിയാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചത്.
അച്ഛനോടൊപ്പം ടൗണിൽ സാധനങ്ങൾ വാങ്ങാനായി പോയതായിരുന്നു കുട്ടി. ബൈക്കിൽ അച്ഛന്‍റെ മുന്നിലായാണ് ഇരുന്നിരുന്നത്. തിരികെ വീട്ടിലേക്ക് വരുമ്പോൾ പട്ടച്ചരട് കുട്ടിയുടെ കഴുത്തിൽ കുരുങ്ങുകയായിരുന്നു. ബൈക്ക് അൽപം മുന്നോട്ട് പോയ ശേഷമാണ് കുട്ടിയുടെ കഴുത്തിൽ കുരുങ്ങിയത് അച്ഛന്‍റെ ശ്രദ്ധയിൽപെട്ടത്.
ആഴത്തിൽ മുറിവേറ്റ് രക്തം വാർന്ന കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
പട്ടച്ചരട് കഴുത്തിൽ കുരുങ്ങിയുള്ള മരണങ്ങൾ നേരത്തെയും റിപ്പോർട്ട് ചെയ്തിരുന്നു. മത്സര പട്ടംപറത്തലിനായി ഗ്ലാസ് പൊടിച്ചുചേർത്ത പട്ടച്ചരടുകൾ ഉപയോഗിക്കുന്നുണ്ട്. ഇവക്ക് നിരോധനമുണ്ടെങ്കിലും ഉപയോഗം വ്യാപകമാണ്. മറ്റുപട്ടങ്ങൾ കുരുങ്ങുമ്പോൾ ചരട് പൊട്ടിക്കാൻ വേണ്ടിയാണ് ഗ്ലാസ് പൊടിച്ചുചേർക്കുന്നത്. ഇത്തരം പട്ടച്ചരടുകൾ വിൽക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.