ന്യൂഡൽഹി: 'സെബി' ചെയർപേഴ്സൺ മാധബി പുരി ബുച്ചിന് അദാനി ഗ്രൂപ്പിന്‍റെ വിദേശത്തെ ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന ഹിൻഡൻബർഗ് റിസർച്ചിന്‍റെ വെളിപ്പെടുത്തൽ പാർലമെന്‍റിന്‍റെ സംയുക്ത സമിതി (ജെ.പി.സി) അന്വേഷിക്കണമെന്ന് ആം ആദ്മി പാർട്ടി. ഹിൻഡൻബർഗിന്‍റെ ആരോപണം അന്വേഷിച്ചില്ലെങ്കിൽ 'കാവൽക്കാരൻ കള്ളനാണെന്ന്' ജനങ്ങൾ കരുതുമെന്നും മോദിയെ പരിഹസിച്ചുകൊണ്ട് ആം ആദ്മി പറഞ്ഞു.
'മോദി ജിയുടെ ഒരു ആത്മാർഥത നോക്കൂ. ബർമുഡയിലെയും മൗറീഷ്യസിലെയും ഫണ്ടുകളിൽ ബിനാമി നിക്ഷേപമുള്ള മാധബി പുരി ബുച്ചിനെ തന്നെ അദ്ദേഹം സെബി അധ്യക്ഷയാക്കി. അഴിമതി ആരോപണങ്ങൾ അന്വേഷിക്കേണ്ട സെബിയുടെ തന്നെ അധ്യക്ഷക്ക് ബിനാമി ഫണ്ടുകളിൽ നിക്ഷേപമുണ്ട്!' -ആം ആദ്മി പ്രസ്താവനയിൽ പറഞ്ഞു.
ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ മാധബി പുരി ബുച്ചിന്‍റെ രാജിക്കായി ആവശ്യം ശക്തമാകുകയാണ്. ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് സെബിയുടെയും ഇന്ത്യൻ പ്രധാനമന്ത്രിയുടെയും വിശ്വാസ്യത പിച്ചിച്ചീന്തിയെന്ന് കോൺഗ്രസ് പറഞ്ഞു. അദാനിക്ക് സുപ്രീംകോടതിയിൽ ക്ലീൻ ചിറ്റ് നൽകിയ സെബി മേധാവിക്ക് ലഭിച്ച പ്രത്യുപകാരത്തിന്റെ വിവരമാണ് പുറത്തുവന്നിരിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചൂണ്ടിക്കാട്ടി. ഇത്രയും വ്യാപകമായ അഴിമതി കണ്ടെത്താൻ സംയുക്ത പാർലമെന്ററി സമിതി അന്വേഷണംകൊണ്ടു മാത്രമേ സാധ്യമാകൂ. ഇന്ത്യയുടെ ഭരണഘടന സ്ഥാപനങ്ങളെക്കൊണ്ട് വിട്ടുവീഴ്ച ചെയ്യിച്ച് അതുവരെ പ്രധാനമന്ത്രി മോദി തന്റെ കൂട്ടാളിക്ക് പരിച തീർക്കുമെന്നതാണ് ആശങ്കയെന്ന് ഖാർഗെ കൂട്ടിച്ചേർത്തു.
ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർപേഴ്സൻ മാധബി പുരി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിന്‍റെ വിദേശ രഹസ്യ കമ്പനികളിൽ നിക്ഷേപമുണ്ടെന്നാണ് ഹിൻഡൻബർഗ് റിസർച് ആഗസ്റ്റ് 10ന് നടത്തിയ വെളിപ്പെടുത്തൽ. നേരത്തേ തങ്ങൾ പുറത്തുവിട്ട അദാനി ഓഹരിത്തട്ടിപ്പിൽ വിശദമായ അന്വേഷണത്തിന് സെബി തയാറാകാതിരുന്നത് ഈ ബന്ധം കാരണമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ വര്‍ഷം ജനുവരിയിലും ഹിൻഡൻബെർഗ് അദാനി ഗ്രൂപ്പിനെതിരെ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. അന്ന് അദാനി കമ്പനികളുടെ ഓഹരി വില കൂപ്പുകുത്തലിന് ഇത് കാരണമായിരുന്നു. അദാനി കമ്പനികളില്‍ വലിയ തട്ടിപ്പ് നടക്കുന്നുവെന്നായിരുന്നു ആരോപണം. വിദേശരാജ്യങ്ങളില്‍ കടലാസ് കമ്പനികള്‍ സ്ഥാപിച്ച് സ്വന്തം കമ്പനി ഓഹരികളിലേക്ക് നിക്ഷേപമൊഴുക്കി ഓഹരി വിലപെരുപ്പിച്ചുവെന്നും ഈ ഓഹരികള്‍ ഈട് നല്കി വായ്പകള്‍ ലഭ്യമാക്കിയെന്നുമായിരുന്നു അദാനിക്കെതിരായ പ്രധാന ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.