ന്യൂഡൽഹി: അഗ്നിവീർ സൈനികന് ഗാർഡ് ഓഫ് ഓണർ നൽകാതിരുന്നതിൽ കേന്ദ്രത്തെ വിമർശിച്ച് ആം ആദ്മി പാർട്ടി. അഗ്നിവീർ സൈനികൻ അമൃത്പാൽ സിങ്ങിന്‍റെ കുടുംബത്തിന് പെൻഷന് അർഹതയില്ലെന്നും കേന്ദ്രം അദ്ദേഹത്തിന് രക്തസാക്ഷി പദവി നൽകില്ലെന്നും മുതിർന്ന എ.എ.പി നേതാവ് രാഘവ് ഛദ്ദ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
"ഒരു സൈനിക യൂണിറ്റും അദ്ദേഹത്തിന്റെ മൃതദേഹം വിട്ടുനൽകാൻ എത്തിയില്ല. മൃതദേഹം സ്വകാര്യ ആംബുലൻസിലാണ് കൊണ്ടുവന്നത്. സൈനിക ബഹുമതികളൊന്നും നൽകിയില്ല. എന്നാൽ അദ്ദേഹത്തിന്റെ അന്ത്യകർമങ്ങളിൽ പൊലീസ് അദ്ദേഹത്തിന് ബഹുമതികൾ നൽകി. സർക്കാർ ജവാൻമാരെയും അഗ്നിവീർന്മാരെയും വേർതിരിച്ച് കാണുന്നുണ്ടോ? നാല് വർഷം പൂർത്തിയാക്കുന്ന അഗ്നിവീരന്മാരുടെ ഭാവി എന്തായിരിക്കും"- ഛദ്ദ ചോദിച്ചു.
പഞ്ചാബ് സർക്കാർ അമൃത്പാൽ സിംഗിന്റെ കുടുംബത്തിന് ഒരു കോടി രൂപയും അദ്ദേഹത്തിന് രക്തസാക്ഷി പദവിയും നൽകുമെന്നും സർക്കാർ അഗ്നിവീർ സൈനികന്‍റെ കുടുംബത്തിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
ശത്രുവിന്റെ വെടിയേറ്റ് മരിച്ചാൽ മാത്രമാണോ രക്തസാക്ഷിയായി കണക്കാക്കുന്നതെന്നും സൈനികൻ ഡ്യൂട്ടിയിലായിരിക്കെ മറ്റ് കാരണങ്ങളാലും മരിക്കാം. സർക്കാരിന്റെ ഈ നടപടി സൈന്യത്തിന്റെ മനോവീര്യത്തെ ബാധിക്കില്ലേയെന്നും രാഘവ് ഛദ്ദ ചോദിച്ചു.
ഒക്ടോബർ 11നാണ് ജമ്മു കശ്മീരിൽ വെച്ച് അഗ്നിവീർ സൈനികൻ അമൃത്പാൽ സിങ് മരണപ്പെട്ടത്. സ്വന്തം തോക്കിൽ നിന്നാണ് സൈനികന് വെയിയേറ്റതെന്നും അതിനാൽ ഗാർഡ് ഓഫ് ഓണർ നൽകേണ്ടതില്ലെന്നുമായിരുന്നു സൈന്യത്തിന്‍റെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.