തൊഴിൽ ആവശ്യപ്പെടുന്ന യുവാക്കളെ തല്ലിച്ചതക്കുന്നത് ക്രൂരതയുടെ അങ്ങേയറ്റം; പട്‌ന പൊലീസ് അതിക്രമത്തിൽ രൂക്ഷ വിമർശനവുമായി പ്രിയങ്ക

ന്യൂഡൽഹി: ബിഹാറിലെ പട്‌നയിൽ തൊഴിലന്വേഷകർക്കെരായ പൊലീസ് നടപടിയിൽ ബി.ജെ.പിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഭരണകക്ഷിയുടെ ഒരേയൊരു കാഴ്ചപ്പാട് അവരുടെ കസേര സംരക്ഷിക്കുക മാത്രമാണെന്നും തൊഴിൽ ആവശ്യപ്പെടുന്നവർ അടിച്ചമർത്തപ്പെടുന്നുവെന്നും പ്രിയങ്ക പറഞ്ഞു. ബിഹാർ പബ്ലിക് സർവിസ് കമീഷൻ ഡിസംബർ 13 ന് നടത്തിയ സംയോജിത പ്രിലിമിനറി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്നാരോപിച്ച് ബുധനാഴ്ച പട്‌നയിൽ നടന്ന പ്രതിഷേധത്തിനിടെയാണ് പൊലീസ് അതിക്രമം.

‘കൈകൂപ്പി അപേക്ഷിച്ച യുവാക്കൾക്ക് നേരെയുള്ള ലാത്തിച്ചാർജ് ക്രൂരതയുടെ പാരമ്യമാണ്. ബി.ജെ.പി ഭരണത്തിൽ തൊഴിൽ ആവശ്യപ്പെടുന്ന യുവാക്കളെ അടിച്ചൊതുക്കുകയാണ്. അത് യു.പിയാവട്ടെ, ബിഹാറോ മധ്യപ്രദേശോ ആവട്ടെ. യുവാക്കൾ ശബ്ദം ഉയർത്തിയാൽ അവരെ ക്രൂരമായി മർദിക്കുന്നു’- തന്റെ വാട്ട്‌സ്ആപ്പ് ചാനലിൽ ഹിന്ദിയിൽ എഴുതിയ കുറിപ്പിൽ പ്രിയങ്ക പറഞ്ഞു.

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യത്തെ യുവാക്കളുടെ ഭാവിയെക്കുറിച്ച് ചിന്തിക്കുകയും അതിനായി നയങ്ങൾ രൂപീകരിക്കുകയും ചെയ്യേണ്ടത് സർക്കാറിന്റെ കടമയാണ്. എന്നാൽ, ബി.ജെ.പിക്ക് തങ്ങളുടെ കസേര സംരക്ഷിക്കുക എന്ന കാഴ്ചപ്പാട് മാത്രമാണുള്ളതെന്നും അവർ പറഞ്ഞു.

ബുധനാഴ്ച നടന്ന സംഭവത്തിൽ പ്രതിഷേധക്കാർക്കെതിരെ പൊലീസ് കേസെടുത്തു. ലാത്തിച്ചാർജിൽ നിരവധി ഉദ്യോഗാർഥികൾക്ക് പരിക്കേറ്റതായി സമരക്കാർ പറഞ്ഞു. എന്നാൽ പൊലീസ് അത് നിഷേധിച്ചു.

പൊലീസ് നടപടിയുടെ വിഡിയോ ക്ലിപ്പുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാരെ പിന്തുടർന്ന് മർദിക്കുന്ന ദൃശ്യങ്ങൾ അതിലുണ്ട്. പ്രതിഷേധക്കാർ ബി.പി.എസ്‌.സി ഉദ്യോഗസ്ഥർക്കെതിരെയും സംയുക്ത പ്രിലിമിനറി പരീക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചിരുന്നു. പരീക്ഷ റദ്ദാക്കണമെന്നും പുതിയ തീയതി എത്രയും വേഗം പ്രഖ്യാപിക്കണമെന്നും ഉദ്യോഗാർത്ഥികൾ കമീഷനോട് അഭ്യർഥിച്ചു.

പരീക്ഷ റദ്ദാക്കിയില്ലെങ്കിൽ 2025 ജനുവരി 1ന് ബിഹാർ ബന്ദിന് പൂർണിയയിൽ നിന്നുള്ള സ്വതന്ത്ര എംപി രാജേഷ് രഞ്ജൻ എന്ന പപ്പു യാദവ് ആഹ്വാനം ചെയ്തിട്ടുണ്ട്.

Tags:    
News Summary - 'Height of cruelty': Priyanka slams police action against job seekers in Patna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.