ന്യൂഡൽഹി: ആരാണ് യഥാർഥ ജനതാദൾ യുനൈറ്റഡ് എന്ന പോരാട്ടത്തിൽ നിതീഷ് കുമാറിന് മേൽ ആദ്യ ജനകീയ വിജയം ശരദ് യാദവ് പക്ഷത്തിന്. നരേന്ദ്ര മോദിയുടെ നാടായ ഗുജറാത്തിലെ നിയമസഭ തെരഞ്ഞെടുപ്പിലാണ് നിതീഷ് കുമാറിനെ മലർത്തിയടിച്ച് വിജയം എന്നത് ശരദ് യാദവിന് ദേശീയ രാഷ്ട്രീയത്തിൽ നേട്ടവുമായി. ശരദ് യാദവിെൻറ വിശ്വസ്തൻ ചോട്ടുഭായ് വാസവയാണ് ബി.ജെ.പിയും നിതീഷ് കുമാറും പതിനെട്ടടവും പയറ്റിയിട്ടും ജാഗഡിയാ സീറ്റിൽ മിന്നുന്ന വിജയം കൈവരിച്ചത്. ബിഹാറിൽ ആർ.ജെ.ഡി -കോൺഗ്രസ് മഹാസഖ്യം വിട്ട് ബി.ജെ.പി കൂടാരത്തിലേക്ക് മാറിയ നിതീഷ് കുമാറുമായി തെറ്റിപ്പിരിഞ്ഞ ശരദ് യാദവിനൊപ്പം ഉറച്ചുനിന്ന ഗുജറാത്തിൽനിന്നുള്ള എം.എൽ.എയാണ് ആദിവാസി വിഭാഗത്തിൽപെട്ട ചോട്ടുഭായ്.
ബി.ജെ.പിയുടെ മാനംകെടുത്തിയ രാജ്യസഭ തെരഞ്ഞെടുപ്പിൽ ഗുജറാത്തിൽ കോൺഗ്രസ് എം.എൽ.എമാരെ അടർത്തിയെടുത്തിട്ടും ചോട്ടുഭായിയുടെ ഒറ്റവോട്ടിലാണ് സോണിയ ഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറി അഹ്മദ് പേട്ടൽ ജയിച്ചത്. ഇതിന് പകരംചോദിക്കാൻ നിയമസഭ തെരഞ്ഞെടുപ്പിൽ എല്ലാ കെണിയും ബി.ജെ.പിയും നിതീഷ് കുമാറും ഒരുക്കി. ജെ.ഡി-യു എന്ന പാർട്ടി പേരും ചിഹ്നമായ ‘അമ്പും’ ശരദ് യാദവിന് നഷ്ടമായതോടെ മകെൻറ പാർട്ടിയായ ഭാരതീയ ട്രൈബൽ പാർട്ടിയുടെ (ബി.ടി.ആർ) കീഴിലാണ് ചോട്ടുഭായ് കോൺഗ്രസ് സഖ്യത്തിൽ മത്സരിച്ചത്. എതിരെ ബി.ജെ.പി സ്ഥാനാർഥി ആക്കിയത് 20 വർഷം ഒപ്പമുണ്ടായിരുന്ന രാജീവ് വാസവയെ. നിതീഷ് കുമാർ ചോട്ടുഭായ് വാസവ എന്ന അപരനെ ജെ.ഡി-യുവിെൻറ ‘അമ്പ്’ ചിഹ്നത്തിൽ ഇറക്കി. പക്ഷേ, ഫലം വന്നപ്പോൾ ബി.ജെ.പിയും നിതീഷും ഞെട്ടി. 48,948 വോട്ടിെൻറ ഭൂരിപക്ഷത്തിൽ ചോട്ടുഭായ് വിജയിച്ചു. ആകെ 1,13,854 വോട്ടും. നിതീഷിെൻറ അപരന് നോട്ടക്കും താഴെ 5364 വോട്ട്. 2012ൽ ചോട്ടുഭായിയുടെ ഭൂരിപക്ഷം 13,304 വോട്ടായിരുന്നു. തുടർച്ചയായ ഏഴാം വട്ടമാണ് 70 കാരനായ ചോട്ടുഭായ് വിജയക്കൊടി പാറിക്കുന്നത്. ചോട്ടുഭായിയുടെ മകൻ മഹേഷ് വാസവയും തെരഞ്ഞെടുക്കപ്പെട്ടതോടെ ഇരുട്ടടി കിട്ടിയ മട്ടിലാണ് ബി.ജെ.പി.
നിതീഷുമായി വേർപിരിഞ്ഞ ശേഷം ദേശീയതലത്തിൽ പ്രതിപക്ഷ പാർട്ടികളുടെ െഎക്യം ഉൗട്ടിയുറപ്പിക്കാനായി രംഗത്തുള്ള ശരദ് യാദവിനും ഇത് മധുരപ്രതികാരമാണ്. തന്നെയും ഒപ്പംനിന്ന അലി അൻവർ അൻസാരിയെയും രാജ്യസഭയിൽനിന്ന് അേയാഗ്യരാക്കിയ ബി.ജെ.പിയെയും നിതീഷ് പക്ഷത്തെയും പരാജയപ്പെടുത്തിയത് ദേശീയതലത്തിൽ നേട്ടമായി. തങ്ങളാണ് യഥാർഥ ജനതാദൾ എന്ന് ഗുജറാത്തിലെ വിജയത്തോടെ തെളിഞ്ഞതായി അലി അൻവർ ‘മാധ്യമ’ത്തോട് പറഞ്ഞു. ‘‘ഗുജറാത്തിൽ രൂപപ്പെട്ടത് മിനി മഹാസഖ്യമാണ്. എല്ലാ പ്രതിപക്ഷ പാർട്ടികളും പ്രചാരണത്തിലും സ്ഥാനാർഥികളെ നിർത്തുന്നതിലും സമവായത്തിൽ എത്തിയിരുന്നുവെങ്കിൽ ബി.ജെ.പി പരാജയപ്പെടുമായിരുന്നു. ഗുജറാത്തിലെ മിനി സഖ്യം ദേശീയതലത്തിൽ മഹാസഖ്യമായി മാറണം. അതിനായി ശരദ് യാദവ് മുൻകൈയെടുക്കും’’ -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.