കൽപറ്റ: ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച വയനാട് തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ ഫാമിലെ 360 പന്നികളെ തിങ്കളാഴ്ച ദയാവധത്തിന് വിധേയമാക്കി. ഫാമും പരിസരവും പൂർണമായി അണുമുക്തമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീമിന് സബ് കലക്ടര്‍ ആര്‍. ശ്രീലക്ഷ്മി നിര്‍ദേശം നല്‍കി.
പ്രത്യേക ദൗത്യസംഘത്തിനാണ് പന്നികളെ ദയാവധം ചെയ്യാനുള്ള ചുമതല. ഇതിനു ശേഷം റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങള്‍ 24 മണിക്കൂര്‍ ക്വാറന്റൈനില്‍ പ്രവേശിക്കും.
ഞായറാഴ്ച ഉച്ചയോട് കൂടിയാണ് ദൗത്യസംഘം രോഗബാധ സ്ഥിരീകരിച്ച ഫാമിലെത്തിയത്. രാത്രി 10 നാണ് ദയാവധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിന് അവസാനിച്ച ആദ്യഘട്ടത്തില്‍ 190 പന്നികളെ ദയാവധത്തിന് വിധേയമാക്കി. തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് പുനരാരംഭിച്ച രണ്ടാംഘട്ടത്തിൽ ബാക്കി പന്നികളെയും ദയാവധത്തിന് വിധേയമാക്കി.
രോഗബാധ സ്ഥിരീകരിച്ച കണിയാരത്തെ ഫാമിന് ചുറ്റുവട്ടമുള്ള ഒരു കിലോമീറ്റര്‍ പരിധിയിലെ മൂന്ന് പന്നി ഫാമുകളിലെ ദയാവധ നടപടികള്‍ രണ്ട് ദിവസത്തിനുള്ളില്‍ തുടങ്ങും. അവസാനഘട്ട ജിയോ മാപ്പിങ്ങില്‍ ഈ പരിധിയിലെ ഏകദേശം 80 പന്നികളെ ദയാവധത്തിന് വിധേയമാക്കേണ്ടി വരുമെന്ന് പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലയുള്ള ചീഫ് വെറ്റിനറി ഓഫിസര്‍ ഡോ. കെ.ജയരാജ് അറിയിച്ചു.
കാട്ടിക്കുളം വെറ്ററിനറി സര്‍ജന്‍ ഡോ. വി. ജയേഷിന്റെയും മാനന്തവാടി വെറ്ററിനറി പോളി ക്ലിനിക് വെറ്ററിനറി സര്‍ജന്‍ ഡോ. കെ. ജവഹറിന്റെയും നേതൃത്വത്തില്‍ തന്നെയാവും മാനന്തവാടി നഗരസഭയിലെയും ആര്‍.ആര്‍.ടി പ്രവര്‍ത്തനങ്ങള്‍ നടക്കുക. നിരീക്ഷണ പ്രദേശങ്ങളിലുള്ള പന്നി ഫാമുകള്‍ അണുമുക്തമാക്കാനുള്ള ആന്റി സെപ്റ്റിക് ലായനികള്‍ മാനന്തവാടി വെറ്ററിനറി പോളി ക്ലിനിക്കില്‍ എത്തിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട കര്‍ഷകര്‍ കൈപ്പറ്റണമെന്നും സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ. എസ്. ദയാല്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.