പയ്യോളി: സി.പി.എമ്മുകാർ കൊലപ്പെടുത്തിയ എം.എസ്.എഫ് നേതാവ് അരിയിൽ ഷുക്കൂറിനെ പരാമർശിച്ച് കൊലവിളി പ്രസംഗവുമായി സി.പി.എം നേതാവ്. ‘അരിയിൽ ഷുക്കൂറിനെ ഓർമയില്ലേ? അയാൾ ഈ പ്രസ്ഥാനത്തിന് നേരെ കളിച്ചപ്പോൾ ഇന്ന് ഈ ഭൂമുഖത്ത് ഇല്ല’ -എന്നായിരുന്നു സി.പി.എം തിക്കോടി ലോക്കൽ സെക്രട്ടറി കളത്തിൽ ബിജു പ്രസംഗിച്ചത്. ഈ പ്രസ്ഥാനത്തിന് നേരെ കളിച്ചവർ ഇന്ന് എവിടെയാണ് എന്ന് എല്ലാവർക്കും അറിയാം എന്നും ബിജു ചൂണ്ടിക്കാട്ടി.
തിക്കോടി കുറ്റിവയലിൽ ശനിയാഴ്ച രാത്രി സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സ്ഥാപിച്ച കൊടികൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് സി.പി.എം നടത്തിയ പ്രതിഷേധ യോഗത്തിലാണ് ലോക്കൽ സെക്രട്ടറി ബിജു കളത്തിൽ കൊലവിളി പ്രസംഗം നടത്തിയത്. പ്രസംഗത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
നാടിൻറെ സമാധാനന്തരീക്ഷം തകർക്കുന്ന പ്രകോപന പ്രസംഗം നടത്തിയ ലോക്കൽ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്ന് മുസ്‍ലിം ലീഗ് തിക്കോടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കൊടി നശിപ്പിച്ചുവെന്ന സംഭവം മുസ്‍ലിം ലീഗിന് മേൽ കെട്ടിവെക്കുന്ന നിലപാട് തികച്ചും പ്രതിഷേധാർഹമാണെന്നും കമ്മിറ്റി അറിയിച്ചു. പ്രസിഡൻറ് പി.പി. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു.
പൊതുവെ രാഷ്ട്രീയ സംഘര്‍ഷങ്ങളൊന്നുമില്ലാത്ത തിക്കോടിയില്‍ സംഘര്‍ഷം ഉണ്ടാക്കുന്ന വിധം വിദ്വേഷ പ്രസംഗം നടത്തിയ സി.പി.എം നേതാവിന്റെ നടപടിയില്‍ തിക്കോടി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രതിഷേധിച്ചു. തിക്കോടിയുടെ സമാധാനാന്തരീക്ഷം നിലനിര്‍ത്തേണ്ടത് മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ഉത്തരവാദിത്തമാണെന്ന് സി.പി.എം നേതൃത്വം മനസിലാക്കണം. കോണ്‍ഗ്രസ് മണ്ഡലം എക്സിക്യൂട്ടീവ് യോഗത്തില്‍ മണ്ഡലം പ്രസിഡന്‍റ് ജയേന്ദ്രന്‍ തെക്കെകുറ്റി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.