വിവാദങ്ങൾക്കൊടുവിൽ ആതിഷിക്ക് ഔദ്യോഗിക വസതി; നൽകിയത് ആറാം നമ്പർ ബംഗ്ലാവ്

ന്യൂഡൽഹി: വിവാദങ്ങൾക്കൊടുവിൽ ഡൽഹി മുഖ്യമന്ത്രി ആതിഷിക്ക് കേന്ദ്ര പൊതുമരാമത്ത് വകുപ്പ് സിവിൽ ലൈൻസ് ഫ്ലാഗ്സ്റ്റാഫിലെ ആറാം നമ്പർ ബംഗ്ലാവ് ഔദ്യോഗിക വസതിയായി അനുവദിച്ചു. നേരത്തെ അരവിന്ദ് കെജ്രിവാൾ താമസിച്ചിരുന്ന വസതിയാണിത്. ആതിഷിക്ക് ബംഗ്ലാവിൽ താമസിക്കാമെന്നും ഇതിന് തയാറാണെങ്കിൽ സമ്മതപത്രം എട്ടു ദിവസത്തിനകം നൽകണമെന്നും പി.ഡബ്ല്യു.ഡി പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കി.

നേരത്തെ ആതിഷി ആറാം നമ്പർ ബംഗ്ലാവിലേക്ക് മാറിയിരുന്നു. എന്നാൽ ബി.ജെ.പി ഇടപെട്ട് ബലപ്രയോഗത്തിൽ വീടൊഴിപ്പിച്ചെന്ന ആരോപണലവുമായി ബുധനാഴ്ച എ.എ.പി രംഗത്തുവന്നതോടെ രാഷ്ട്രീയ വിവാദത്തിന് തുടക്കമായിരുന്നു. ലഫ്റ്റനന്‍റ് ഗവർണറാണ് ഇതിനു പിന്നിലെന്നായിരുന്നു ആരോപണം. പിന്നാലെ പുറത്തിരുന്ന് ഫയലുകൾ നോക്കുന്ന ആതിഷിയുടെ ചിത്രവും പ്രചരിച്ചു.

ആതിഷിക്ക് വസതി നല്‍കരുതെന്നും അടച്ച് മുദ്രവെക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. കെജ്രിവാളും കുടുംബവും വസതിയൊഴിഞ്ഞപ്പോള്‍ അധികൃതര്‍ക്ക് താക്കോല്‍ കൈമാറുന്നതായി പറഞ്ഞെങ്കിലും അതുണ്ടായില്ലെന്നാണ് ബി.ജെ.പി കഴിഞ്ഞ ദിവസം ആരോപിച്ചത്. വിവാദ വസതി ഇന്നലെ പൊതുമരാമത്ത് വകുപ്പ് മുദ്രവെച്ചന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

മുഖ്യമന്ത്രിയുടെ ബംഗ്ലാവ് പിടിച്ചെടുക്കാൻ ബി.ജെ.പി ശ്രമിക്കുന്നത് ആ പദവി ലഭിക്കാത്തതുകൊണ്ടാണെന്നും ആം ആദ്മി പാർട്ടി നേതാക്കൾ ജനഹൃദയങ്ങളിൽ ജീവിക്കുന്നതിനാൽ പാർട്ടിയെ സ്വാഗതം ചെയ്യുന്നതായും ആതിഷി പറഞ്ഞു. ‘തെരഞ്ഞെടുപ്പിൽ ഞങ്ങളെ പരാജയപ്പെടുത്താൻ കഴിയാത്തതിനാൽ ബിജെപി ആശങ്കയിലാണ്, സർക്കാർ രൂപീകരിക്കാൻ കഴിയാതെ വന്നപ്പോൾ അവർ ‘ഓപ്പറേഷൻ ലോട്ടസ്’ തുടങ്ങി, പിന്നെ നേതാക്കളെ ജയിലിലടച്ചു, അവർക്ക് സ്വന്തമായി മുഖ്യമന്ത്രി ഇല്ല. മുഖ്യമന്ത്രിയുടെ വസതി പിടിച്ചെടുക്കുന്നത് അവർക്ക് സമാധാനം നൽകുന്നുവെങ്കിൽ, അത് ചെയ്യാൻ അവരെ സ്വാഗതം ചെയ്യുന്നു’, അവർ പറഞ്ഞു.

എ.എ.പി നേതാവ് സഞ്ജയ് സിങ് ആണ് ഇന്നലെ ചിത്രങ്ങളുള്‍പ്പെടെ ഔദ്യോഗിക വസതിയില്‍ താമസമാക്കിയ ആതിഷിയുടെ സാധനങ്ങള്‍ ബി.ജെ.പി മാറ്റിയെന്ന് എക്‌സില്‍ പോസ്റ്റ് ചെയ്തത്. ഇതുകൊണ്ടൊന്നും ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനുള്ള ആതിഷിയുടെ പ്രതിബദ്ധത ഇല്ലാതാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ പാർട്ടി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തുവരികയും ചെയ്തു. വിവാദങ്ങൾക്കൊടുവിലാണ് ഇന്ന് വസതി അനുവദിച്ചത്.

Tags:    
News Summary - After Big Row Over 'Eviction', Atishi Finally Allotted Chief Minister's House

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.