ഡോക്ടർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദുർഗാപൂജ പന്തലിന് പുറത്ത് പ്രതിഷേധിച്ച 9 യുവാക്കൾക്ക് ഇടക്കാല ജാമ്യം

കൊൽക്കത്ത: ആർ.ജി കാർ ആശുപത്രിയിലെ ബലാത്സംഗ-കൊലപാതക സംഭവവുമായി ബന്ധപ്പെട്ട് ‘ഞങ്ങൾക്ക് നീതി വേണം’ എന്ന മുദ്രാവാക്യം ഉയർത്തിയതിന് അറസ്റ്റിലായ ഒമ്പത് യുവാക്കൾക്ക് കൽക്കട്ട ഹൈകോടതി വെള്ളിയാഴ്ച ഇടക്കാല ജാമ്യം അനുവദിച്ചു. അലിപ്പൂരിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 18നും 20നും ഇടയിൽ പ്രായമുള്ള യുവാക്കളെ വ്യാഴാഴ്ച ഒക്ടോബർ 17 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടതായിരുന്നു. എന്നാൽ, ഇവരുടെ ബന്ധുക്കൾ നൽകിയ ഹരജി പരിഗണിച്ച് ഹൈകോടതിയിലെ ജസ്റ്റിസ് ഷാമ്പ സർക്കാരി​ന്‍റെ സിംഗിൾ ബെഞ്ച് 1000 രൂപ വീതം ജാമ്യത്തിൽ യുവാക്കൾക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. അവരുടെ പ്രകടനം വിദ്വേഷം പ്രചരിപ്പിക്കാനോ മതവികാരം വ്രണപ്പെടുത്താനോ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനോ ഉദ്ദേശിച്ചുള്ളതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

എന്നാൽ, യുവാക്കൾ ദുർഗാ പൂജ പന്തലുകളുടെ 200 മീറ്റർ ചുറ്റളവിൽ എത്തരുതെന്നും ആഴ്ചയിൽ ഒരിക്കൽ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്നും കോടതി വ്യക്തമാക്കി. ഒക്‌ടോബർ 15ന് ‘റെഡ് റോഡ് പൂജ കാർണിവലി’ൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. നവംബർ 15 വരെ ഇവർക്കെതിരെ നടപടിയെടുക്കുന്നതിൽനിന്ന് പൊലീസ് വിട്ടുനിൽക്കണമെന്ന് ജഡ്ജി നിർദേശിച്ചു.

അവരുടെ ചെറുപ്രായം കണക്കിലെടുത്ത്, അത്തരം പ്രകടനങ്ങൾ പരസ്യമായി നിരോധിച്ചിരിക്കുന്ന നിർദ്ദിഷ്ട പൂജാ കമ്മിറ്റിയുടെ പന്തലിൽ പ്രതിഷേധിക്കാൻ അവർ തിരഞ്ഞെടുത്തിരിക്കാമെന്ന് ഹൈകോടതി നിരീക്ഷിച്ചു. പ്രഥമദൃഷ്ട്യാ അവരുടെ പ്രവൃത്തികൾ രാഷ്ട്രീയപ്രേരിതമല്ലെന്നും ആരെയും ദ്രോഹിച്ചിട്ടില്ലാത്തതിനാൽ ക്രിമിനൽ ഉദ്ദേശ്യത്തിന് തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

യുവാക്കൾ പൊതുക്രമം ലംഘിക്കുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും മുദ്രാവാക്യങ്ങൾ ഉയർത്തുകയും ചെയ്‌ത് മതവികാരം വ്രണപ്പെടുത്തിയെന്നും ആയിരക്കണക്കിന് ആളുകൾ പന്തലുകൾ സന്ദർശിക്കുന്ന ഉത്സവ സീസണിൽ സമാധാനം തകർക്കാൻ സാധ്യതയുണ്ടെന്നും വാദം കേൾക്കുന്നതിനിടെ പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു. വലിയ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ കൂടുതൽ അന്വേഷണവും ചോദ്യം ചെയ്യലും ആവശ്യമാണെന്നും വാദിച്ചു.

എന്നാൽ, പൊതുജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയാകാത്തിടത്തോളം സമാധാനപരവും ജനാധിപത്യപരവുമായ പ്രതിഷേധത്തിന് എല്ലാവർക്കും അവകാശമുണ്ടെന്ന് ഹൈകോടതി പ്രതികരിച്ചു. ഇടക്കാല ജാമ്യ ഉത്തരവ് ഉടൻ നടപ്പാക്കാനും യുവാക്കളെ വിട്ടയക്കാനും ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് കോടതി നിർദേശം നൽകി.

ദക്ഷിണ കൊൽക്കത്തയിലെ പ്രശസ്തമായ ദുർഗാപൂജ മാർക്കിയിൽ നിന്ന് ബുധനാഴ്ച വൈകുന്നേരമാണ് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. അവിടെ അവർ ലഘുലേഖകൾ വിതരണം ചെയ്യുകയും ജൂനിയർ ഡോക്ടർമാരുടെ സമരത്തെ പിന്തുണച്ച് മുദ്രാവാക്യം ഉയർത്തുകയും ചെയ്തു.

Tags:    
News Summary - Calcutta High Court grants interim bail to 9 youths arrested for protesting outside Durga Puja pandal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.