ഭോപ്പാൽ: മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പരാജയത്തിന് പിന്നാലെ വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് കോൺഗ്രസ് എം.പി ദ്വിഗ്‍വിജയ സിങ്.
2003 മുതൽ താൻ ഇ.വി.എമിൽ വോട്ട് ചെയ്യുന്നതിനെ എതിർക്കുന്നുണ്ടെന്നും ചിപ്പുള്ള എല്ലാ മെഷീനും ഹാക്ക് ചെയ്യാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 2012ൽ വോട്ടിംഗ് യന്ത്രമാണ് പരാജയത്തിന് കാരണമെന്ന് ബി.ജെ.പി ആരോപിച്ച വാർത്തയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
"2003 മുതൽ ഇ.വി.എമിൽ വോട്ട് ചെയ്യുന്നതിനെ ഞാൻ എതിർക്കുന്നു. ചിപ്പുള്ള എല്ലാ മെഷീനും ഹാക്ക് ചെയ്യാൻ കഴിയും. ഇന്ത്യൻ ജനാധിപത്യത്തെ പ്രൊഫഷണൽ ഹാക്കർമാർ നിയന്ത്രിക്കാൻ അനുവദിക്കാമോ? എല്ലാ രാഷ്ട്രീയ പാർട്ടികളും അഭിമുഖീകരിക്കേണ്ട അടിസ്ഥാനപരമായ ചോദ്യമാണിത്. ദയവായി, ബഹുമാനപ്പെട്ട തെരഞ്ഞെടുപ്പ് കമീഷനും സുപ്രീം കോടതിയും ചേർന്ന് ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കണം"- ദ്വിഗ്‍വിജയ സിങ് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.
കോൺഗ്രസിന്‍റെ നയങ്ങൾ പരാജയപ്പെട്ടതുകൊണ്ടാണ് തെരഞ്ഞെടുപ്പിൽ തോറ്റതെന്നാരോപിച്ച് ദ്വിഗ്‍വിജയ സിങ്ങിന്‍റെ വാദത്തെ ബി.ജെ.പി തള്ളി. ഭാരത് ജോഡോ യാത്രയുടെയും നയങ്ങളുടെയുമൊക്കെ പരാജയമാണ് തെരഞ്ഞെടുപ്പിൽ കണ്ടത്. എന്നാൽ അവരത് പൊതുമധ്യത്തിൽ അംഗീകരിക്കില്ലെന്നും മധ്യപ്രദേശ് ബി.ജെ.പി അധ്യക്ഷൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.