അഹ്മദാബാദ്: കോവിഡിനെ മറയാക്കി തൊഴിൽ നിയമങ്ങൾ മരവിപ്പിച്ച് ഗുജറാത്ത് സർക്കാരും. നേരത്തേ ഉത്തർ പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ തൊഴിൽനിയമങ്ങൾ മരവിപ്പിച്ചിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് പുതിയ നിക്ഷേപകരെ ആകർഷിക്കുന്നതിനായാണ് തീരുമാനമെന്നാണ് സർക്കാരുകളുടെ വാദം.
തൊഴിലാളികൾക്ക് അനുകൂലമായ നിയമങ്ങളിലാണ് പൊളിച്ചെഴുത്തുകളിൽ അധികവും.
കുറഞ്ഞ വേതനം, സുരക്ഷ മാനദണ്ഡം, തൊഴിൽ അപകടങ്ങളിലെ നഷ്ടപരിഹാരം, തുടങ്ങിയവയാണ് ഗുജറാത്ത് സർക്കാർ മരവിപ്പിച്ചിരിക്കുന്നത്. കുറഞ്ഞത് 1200 ദിവസമെങ്കിലും സംസ്ഥാനത്ത് പ്രവർത്തിക്കാൻ തയാറാകുന്ന എല്ലാ പുതിയ കമ്പനികൾക്കും ഇവ ബാധകമാകുമെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി അറിയിച്ചു. കമ്പനികൾക്ക് ആവശ്യമായ സ്ഥലവും അടിസ്ഥാന സൗകര്യങ്ങളും സംസ്ഥാനം ഒരുക്കിനൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തർ പ്രദേശ് കഴിഞ്ഞ ദിവസം 30 തൊഴിൽനിയമങ്ങളാണ് മരവിപ്പിച്ചത്. ഉത്തർ പ്രദേശിൽ മൂന്നുവർഷത്തേക്ക് തൊഴിലാളി സംഘടന നിയമവും മരവിപ്പിച്ചിട്ടുണ്ട്. തൊഴിലാളികൾക്ക് സംഘടിക്കാനോ, കൂലിക്കായി സമ്മർദ്ദം ചെലുത്താനോ, പണിമുടക്ക്, ലോക്കൗട്ട് എന്നിവയിലൂടെ സംഘടിക്കാനോ ഇതുവഴി സാധിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.