ബംഗളൂരു: കരാറുകാരന്‍റെ ആത്മഹത്യയിൽ ആരോപണവിധേയനായതിനെ തുടർന്ന് രാജി വെച്ച കർണാടക മുൻ ഗ്രാമവികസനകാര്യ മന്ത്രി കെ.എസ് ഈശ്വരപ്പ മരണത്തിൽ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മയോട് ആവശ്യപ്പെട്ടു.
കരാറുകാരൻ സന്തോഷ് പട്ടീൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം നടത്തി മരണം കൊലപാതകമാണോ ആത്മഹത്യയാണോയെന്ന് തെളിയിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി ഈശ്വരപ്പ പറഞ്ഞു.
"കഴിഞ്ഞ നാല് ദിവസമായി പാർട്ടിയിലെ മുതിർന്ന നേതാക്കൻമാരോട് എന്റെ രാജി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു. അവർ അത് സ്വീകരിച്ചു. തന്‍റെ രാജിക്ക് വേണ്ടി പ്രതിപക്ഷം വലിയ ഗൂഡാലോചന നടത്തിയിട്ടുണ്ട്"- ഈശ്വരപ്പ പറഞ്ഞു.
സത്യമെന്താണെന്ന് അന്വേഷണത്തിലൂടെ പുറത്ത് വരുമെന്ന് ഈശ്വരപ്പ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കരാറുകാരന്‍റെ മരണത്തിൽ മന്ത്രിയുടെ രാജികത്ത് വെള്ളിയാഴ്ചയാണ് കർണാടക മുഖ്യമന്ത്രി സ്വീകരിച്ചത്.
തന്‍റെ നിരപരാധിത്വം അന്വേഷണത്തിലൂടെ തെളിയിക്കും. പാർട്ടിയിലെ മുതിർന്ന നേതാക്കൻമാരോട് തന്‍റെ രാജികത്ത് സ്വീകരിക്കാൻ ആവശ്യപ്പെട്ടെങ്കിലും അവർ കാത്തിരിക്കാൻ പറഞ്ഞു. ഇനി അവരെ ബുദ്ധിമുട്ടിക്കാൻ ആഗ്രഹമില്ലാത്തതിനാൽ താൻ രാജികത്ത് മുഖ്യമന്ത്രിക്ക് കൈമാറിയെന്ന് ഈശ്വരപ്പ പറഞ്ഞു.
മന്ത്രിയുടെ രാജികത്ത് സ്വീകരിച്ചെന്നും അത് ഗവർണർക്കയക്കുമെന്നും ബൊമ്മെ പറഞ്ഞു. കെ.എസ് ഈശ്വരപ്പയുടെ പേരിൽ അഴിമതി ആരോപിച്ച് ആതമഹത്യ ചെയ്ത കരാറുകാരൻ സന്തോഷ് പട്ടീലിനെ ചൊവ്വാഴ്ചയാണ് ഉഡുപ്പിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.