ഏറെ ആലോചിച്ച് തയാറാക്കിയ പദ്ധതി, അഗ്നിപഥ് പിൻവലിക്കില്ല -ബി.ജെ.പി

ന്യൂഡൽഹി: ഏറെ ആലോചനകൾക്കും ചർച്ചകൾക്കുമൊടുവിൽ രൂപംനൽകിയ പദ്ധതിയാണ് അഗ്നിപഥെന്നും പിൻവലിക്കില്ലെന്നും വ്യക്തമാക്കി ബി.ജെ.പി. സമരം ചെയ്യുന്നവർ രാജ്യത്തെ മൊത്തം യുവാക്കളെ പ്രതിനിധീകരിക്കുന്നവരല്ലെന്നും പാർട്ടി ദേശീയ വക്താവ് ഗുരു പ്രകാശ് പാസ്വാൻ പറഞ്ഞു. യുവാക്കളെ നാല് വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ സൈന്യത്തിൽ നിയമിക്കുന്ന പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധമുയരവേയാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്.

പദ്ധതിയെ കുറിച്ച് വൻതോതിലുള്ള തെറ്റിദ്ധാരണയാണ് പ്രചരിക്കുന്നതെന്ന് ഗുരു പ്രകാശ് പാസ്വാൻ പറഞ്ഞു. മുൻ സൈനിക ഉദ്യോഗസ്ഥരോടും മറ്റ് വിദഗ്ധരോടും കൂടിയാലോചിച്ച് നടപ്പാക്കുന്നതാണ് പദ്ധതി. നാല് വർഷത്തെ സേവനത്തിന് ശേഷം പുറത്തുവരുന്ന 75 ശതമാനം അഗ്നിവീറുകൾക്ക് മികച്ച ജോലി ഉറപ്പാണ്. പൊലീസ് സേനയിൽ ഇവർക്ക് മുൻഗണന നൽകാൻ വിവിധ സംസ്ഥാനങ്ങൾ തയാറായിട്ടുണ്ട്.

മുതിർന്ന കോൺഗ്രസ് നേതാവ് മനീഷ് തിവാരി ഉൾപ്പെടെയുള്ളവർ അഗ്നിപഥിനെ പിന്തുണച്ചത് പാസ്വാൻ ചൂണ്ടിക്കാട്ടി. പദ്ധതി പിൻവലിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ടു വിവിധ സംസ്ഥാനങ്ങളിൽ ശക്തമായ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധങ്ങളെ തണുപ്പിക്കാൻ കൂടുതൽ പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തി. അഗ്നിവീറുകൾക്ക് പ്രതിരോധ മന്ത്രാലയത്തിലെ ജോലികളിൽ 10 ശതമാനം സംവരണമേർപ്പെടുത്തുമെന്നാണ് ഏറ്റവുമൊടുവിലത്തെ പ്രഖ്യാപനം. 

Tags:    
News Summary - Agnipath won’t be rolled back, it’s a well-thought-out scheme -bjp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.