അഹമ്മദാബാദ്: ഗുജറാത്ത് സ്റ്റേറ്റ് ഫാർമസി കൗൺസിലിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് വ്യാജ മാർക്ക് ഷീറ്റും സർട്ടിഫിക്കറ്റുകളും ഉണ്ടാക്കി വിറ്റ കേസിൽ രണ്ടുപേരെ പൊലീസ് പിടികൂടി. പശ്ചിമബംഗാളിൽ നിന്നുള്ള രണ്ട് പേരാണ് അഹമ്മദാബാദ് സൈബർ ക്രൈം സെല്ലിന്‍റെ വലയിലായത്. രാജ്യത്തുടനീളമുള്ള 108 സ്ഥാപനങ്ങളിലെ 80-ലധികം കോഴ്‌സുകളുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കാൻ രണ്ട് പ്രതികളും സമാന രീതി ഉപയോഗിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ താമസിക്കുന്ന അതാനു പത്ര (33), സുധാങ്കർ ഘോഷ് (30) എന്നിവരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. കേസിലെ മുഖ്യപ്രതി മൃഗാങ്ക് ചതുർവേദിയെ ചോദ്യം ചെയ്തപ്പോഴാണ് ഇരുവരുടേയും പങ്ക് കണ്ടെത്തിയത്. 108 യൂനിവേഴ്സിറ്റികളുടെ വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന ഒരു പാനൽ പ്രോഗ്രാം ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
പൊലീസ് പറയുന്നതനുസരിച്ച്, ബിരുദ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള അപേക്ഷ തട്ടിപ്പ് സംഘം സർവ്വകലാശാല രജിസ്ട്രാറുടെ ഇമെയിൽ വിലാസത്തിലേക്ക് കൈമാറും. തുടർന്ന്, തട്ടിപ്പുമായി ബന്ധമുള്ള ഒരു യൂനിവേഴ്സിറ്റി ജീവനക്കാരൻ ബിരുദ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുകയും ചെയ്യും. തുടർന്ന് ഇമെയിൽ ഡിലീറ്റ് ചെയ്യും. പിന്നീട് പോസ്റ്റോഫീസിലേക്ക് എത്തുന്ന വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഇവിടെ നിന്ന് ഇവർ കൈക്കലാക്കും. സർവകലാശാല അധികാരികൾക്ക് യാതൊരു സൂചനയും നൽകാതെയുള്ള തട്ടിപ്പാണ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.