ന്യൂഡൽഹി: ലക്ഷദ്വീപിൽ നടക്കുന്ന ഭരണകൂട്ട വേട്ടയാടലിന്‍റെ പശ്ചാത്തലത്തിൽ ദ്വീപ് സന്ദർശിക്കാൻ എ.ഐ.സി.സിക്ക് അനുമതിയില്ല. കോവിഡ് നിയന്ത്രണങ്ങളുടെ പേരിലാണ് അനുമതി നിഷേധിച്ചത്. ദ്വീപ് നിവാസികൾക്ക് ഐക്യദാർഡ്യം അറിയിക്കാനും, അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹ നപടികളിൽ അന്വേഷണം നടത്താനുമാണ് എ.ഐ.സി.സി സംഘം ദ്വീപ് സന്ദർശിക്കാൻ തീരുമാനിച്ചത്. രണ്ടുതവണ അപേക്ഷിച്ചെങ്കിലും അനുമതി നൽകിയില്ലെന്ന് എ.ഐ.സി.സി വ്യക്തമാക്കി
അതെസമയം പ്രതിഷേധങ്ങൾ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ദ്വീപ് കലക്ടർ സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്. വൈകുന്നേരം നാല് മണിക്ക് കൊച്ചിയിലാണ് യോഗം വിളിച്ചിരിക്കുന്നത്. യോഗത്തിൽ കോൺഗ്രസ് ശക്തമായ നിലപാട് സ്വീകരിച്ചേക്കും
ജനദ്രോഹനടപടികൾ തുടരുന്നതിന്‍റെ ഭാഗമായി സർക്കാർ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റി. ലക്ഷദ്വീപ് ഫിഷറീസ് വകുപ്പിലെ 39 ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. പ്രഫുൽ പേട്ടലിന് താൽപര്യമില്ലാത്ത ഉദ്യോഗസ്ഥരെയാണ് സഥലം മാറ്റിയത്. ദ്വീപിന്‍റെ ചരിത്രത്തിലിതാദ്യമായാണ് ഇത്തരത്തിൽ വലിയൊരു കൂട്ട സ്ഥലമാറ്റം നടക്കുന്നത്.
ഇതിനിടെ ലക്ഷദ്വീപിൽ കേന്ദ്രസർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിന്‍റെ ഭാഗമായി സ്കൂളുകൾ പൂട്ടാനും എയർ ആംബുലൻസുകൾ സ്വകാര്യവത്കരിക്കാനും തീരുമാനിച്ചു. അധ്യാപകരുടെയും ജീവനക്കാരുടെയും കുറവു പറഞ്ഞാണ് സ്കൂളുകൾ അടച്ചുപൂട്ടുന്നത്. സ്കൂളുകൾ ലയിപ്പിക്കുന്നതിന്‍റെ മറവിലാണ് അടച്ച് പൂട്ടൽ. 15 ഓളം സ്കൂളുകളാണിതുവരെ പൂട്ടിയത്. കിൽത്താനിൽ മാത്രം നാല് സ്കൂളുകൾക്കാണ് താഴ്വീണത്. മറ്റ് ചില സ്കൂളുകൾ കൂടി ഇത്തരത്തിൽ പൂട്ടാനും പദ്ധതിയുള്ളതായി ദ്വീപ് നിവാസികൾ പറയുന്നു.
വിദഗ്ധ ചികിത്സക്കായി ലക്ഷദ്വീപിൽ നിന്ന് െകാച്ചിയിലേക്ക് രോഗികളെ കൊണ്ടുവരുന്ന എയർ ആംബുലൻസുകൾ സ്വകാര്യവത്കരിക്കാനും നീക്കമുണ്ട്്്. ഇതിന്‍റെ ഭാഗമായി ലക്ഷദ്വീപ് ഭരണകൂടം ടെണ്ടർ വിളിച്ചു. നിലവിൽ രണ്ട് എയർ ആംബുലൻസുകളാണ് ലക്ഷദ്വീപിൽ നിന്ന് രോഗികളെ കൊച്ചിയിലെയും മറ്റും ആശുപത്രികളിലേക്ക് എത്തിക്കാനുള്ളത്. ഇതിന്‍റെ സേവനം അവസാനിപ്പിച്ച് സ്വകാര്യമേഖലക്ക് നൽകാനാണ് നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.