തിരുവനന്തപുരം: സർക്കാർ വാടകക്കെടുത്ത ഹെലികോപ്റ്റർ എയർ ആംബുലൻസായി തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് പറക്കുന്നു. കിംസ് ആശുപത്രിയിൽ മസ്തിഷ്ക്കമരണം സംഭവിച്ച രോഗിയുടെ ഹൃദയം കൊച്ചിയിൽ ചികിത്സയിലുള്ള രോഗിക്ക് മാറ്റിവെക്കാനുള്ള ദൗത്യവുമായാണ് ഹെലികോപ്റ്റർ പറക്കുക.
കൊച്ചി ലിസി ആശുപത്രിയിലെ ഹൃദയമാറ്റ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപുരത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇതിനായി തിരുവന്തപുരത്തേക്ക് ഇന്ന് വെളുപ്പിന് തന്നെ പുറപ്പെട്ടിരുന്നു. 11 മണിക്കാണ് ശസ്ത്രക്രിയ. മസ്തിഷ്ക്ക മരണം സംഭവിച്ച 50കാരിയുടെ ഹൃദയവുമായി ഉച്ചക്ക് രണ്ടിനും മൂന്നിനുമിടയിൽ എയർ ആംബുലൻസ് തിരുവനന്തപുരത്തുനിന്നു പുറപ്പെടുമെന്നാണ് അറിയുന്നത്.
കോവിഡ് രോഗഭീതിക്കിടയിലും പൊലീസിന് ഹെലികോപ്റ്റർ വാടകക്കെടുക്കാനായി വലിയ തുക കൈമാറിയ സംസ്ഥാന സർക്കാറിന്‍റെ നടപടി രൂക്ഷമായ വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു. മാവോവാദികളെ കണ്ടെത്തുന്നതിനും പ്രളയം പോലുള്ള അടിയന്തിര ഘട്ടങ്ങളിലും ഉപയോഗിക്കാനാണ് ഹെലികോപ്റ്റർ വാടകക്കെടുത്തതെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.
ഇതിനിടെയാണ് കാരുണ്യപ്രവർത്തനത്തിനായി ഈ ഹെലികോപ്റ്റർ ഉപയോഗിക്കുന്നത്. ഹെലികോപ്റ്ററിന്‍റെ സേവനം സൗജന്യമായാണ് രോഗിക്ക് വിട്ടുനിൽകുന്നത് എന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.