ന്യൂഡൽഹി: ടാറ്റയുടെ കീഴിലായതോടെ പുതുമകളുമായി പറക്കാൻ എയർ ഇന്ത്യ ഒരുങ്ങുന്നു. ആദ്യ നടപടിയായി സമയനിഷ്ഠ കൃത്യമായി പാലിക്കുമെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു. വിമാനം പുറപ്പെടുന്നതിന് പത്തു മിനിറ്റ് മുമ്പ് വാതിൽ അടക്കും. നിലവിൽ എയർ ഇന്ത്യക്ക് സാധിക്കാത്ത കാര്യമായാണ് ഇത് പറയപ്പെടുന്നത്. കൂടുതൽ മികച്ച ഭക്ഷണവും വ്യാഴാഴ്ച മുതൽ നടപ്പായി. ഇതടക്കം വലിയ മാറ്റങ്ങൾ എയർ ഇന്ത്യയിൽ വരുമെന്ന് അദ്ദേഹം പറഞ്ഞു.
എയർ ഇന്ത്യയിലെ മുഴുവൻ ജീവനക്കാരെയും ടാറ്റയിലേക്ക് സ്വാഗതം ചെയ്യുന്നതായും ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു. വലുതും ചെറുതുമായ 117 വിമാനങ്ങളും 24 എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും ടാറ്റക്ക് കേന്ദ്രം കൈമാറും. ആഭ്യന്തര വിമാനത്താവളങ്ങളിൽ 5200 പാർക്കിങ് ഇടങ്ങളും ലഭിക്കും. ചെലവ് കുറഞ്ഞ അന്താരാഷ്ട്ര വിമാന സർവിസായ എയർ ഇന്ത്യ എക്സ്പ്രസ്, ഗ്രൗണ്ട് ഹാൻഡ്ലിങ് വിഭാഗമായ എയർ ഇന്ത്യ സാറ്റ്സ് എന്നിവയും ടാറ്റയുടേതാകും. എയർ ഇന്ത്യക്കു കീഴിലെ പ്രാദേശിക സർവിസായ അലയൻസ് എയർ കമ്പനിക്ക് ലഭിക്കില്ല. മുംബൈ നരിമാൻ പോയന്റിലെ വസന്ത് വിഹാർ ഹൗസിങ് കോളനി, മുംബൈയിലേയും ഡൽഹിയിലേയും എയർ ഇന്ത്യ ബിൽഡിങ് എന്നിവയും കരാറിൽ ഉൾപ്പെടുന്നില്ല.
രാജ്യത്തിന്റെ മുഖഛായ മാറ്റിയ വ്യവസായി ജെ.ആർ.ഡി ടാറ്റയാണ് 1932ൽ ടാറ്റ എയർലൈൻസ് സ്ഥാപിച്ചത്. രാജ്യത്ത് ലൈസൻസ് നേടിയ ആദ്യ പൈലറ്റുമായിരുന്നു അദ്ദേഹം. അവിഭക്ത ഇന്ത്യയിൽ കറാച്ചിക്കും ബോംബെ(ഇപ്പോഴത്തെ മുംബൈ)ക്കുമിടയിൽ തപാൽ സർവിസായിരുന്നു ടാറ്റ എയർലൈൻസ് നടത്തിയിരുന്നത്. 1953ലാണ് കേന്ദ്രസർക്കാർ ടാറ്റ എയർലൈൻസിനെ ദേശസാത്കരിച്ചത്. 2007ൽ ഇന്ത്യൻ എയർലൈൻസുമായി ലയിപ്പിച്ചതോടെയാണ് കമ്പനി നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്.
2021 ആഗസ്റ്റ് 31വരെയുള്ള കണക്കനുസരിച്ച് 62,562 കോടിയായിരുന്നു എയർ ഇന്ത്യയുടെ നഷ്ടം. ഒരു പതിറ്റാണ്ടിനിടെ കേന്ദ്രസർക്കാർ 1.10 ലക്ഷം കോടിയും എയർ ഇന്ത്യക്കായി ചെലവഴിച്ചിട്ടുണ്ട്. നിലവിൽ കമ്പനിയുടെ പ്രതിദിന നഷ്ടം 20 കോടിയാണ്. നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ-സെപ്റ്റംബർ കാലയളവിലെ നഷ്ടം 5422.6 കോടിയും. എസ്.ബി.ഐയുടെ നേതൃത്വത്തിലെ ബാങ്ക് കൺസോർട്ട്യം എയർ ഇന്ത്യയുടെ സുഗമമായ നടത്തിപ്പിന് ടാറ്റക്ക് വായ്പ നൽകാമെന്ന് വാഗ്ദാനം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.