ന്യൂഡൽഹി: ടാറ്റ ഗ്രൂപ് ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ 840 വിമാനങ്ങൾ വാങ്ങാൻ എയർബസ്, ബോയിങ് കമ്പനികൾക്ക് ഓർഡർ കൊടുത്തു. ഇതിൽ 370 എണ്ണം ഏറ്റെടുക്കാനുള്ള സാധ്യതയാണ് പരിഗണിക്കുന്നത്. എയർബസിൽ നിന്ന് 250ഉം ബോയിങ്ങിൽ നിന്ന് 220ഉം വീതം വിമാനങ്ങൾ വാങ്ങുന്ന കാര്യം കഴിഞ്ഞ ദിവസം എയർ ഇന്ത്യ അറിയിച്ചിരുന്നു.
ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ നിർണായക മുഹൂർത്തമെന്നാണ് ഒരു മുതിർന്ന വിമാനക്കമ്പനി ഉദ്യോഗസ്ഥൻ ഇടപാടിനെ വിശേഷിപ്പിച്ചത്. എയർ ഇന്ത്യ ചീഫ് കൊമേഴ്സ്യൽ ആൻഡ് ട്രാസ്ഫർമേഷൻ ഓഫിസർ നിപുൻ അഗർവാൾ ആണ് വിവരം പുറത്തുവിട്ടത്. പത്തുവർഷത്തിനുള്ളിലാകും ഇവ പൂർണമായും എയർ ഇന്ത്യയുടെ ഭാഗമാവുക. ഓർഡർ പ്രകാരമുള്ള ആദ്യ എ-350 വിമാനം ഈ വർഷം അവസാനത്തോടെ എയർ ഇന്ത്യക്ക് കൈമാറും.
എയർ ബസിൽ നിന്ന് 210 എ 320/321 നിയോ/എക്സ്.എൽ.ആർ, 40 എ350-900/1000 വിമാനങ്ങളും ബോയിങ്ങിൽ നിന്ന് 190 737-മാക്സ്, ഇരുപത് 787, പത്ത് 777 വിമാനങ്ങളുമാണ് വാങ്ങുന്നത്. എഞ്ചിൻ അറ്റകുറ്റപ്പണികൾക്കായി സി.എഫ്.എം ഇന്റർനാഷനൽ, റോൾസ്-റോയ്സ്, ജി.ഇ എയ്റോസ്പേസ് കമ്പനികളുമായി എയർ ഇന്ത്യ ദീർഘകാല കരാറുകൾ ഒപ്പിട്ടതായും ബന്ധപ്പെട്ടവർ പറഞ്ഞു.
2022 ജനുവരിയിലാണ് സർക്കാറിൽ നിന്ന് ടാറ്റ ഗ്രൂപ് എയർ ഇന്ത്യ വാങ്ങുന്നത്. കഴിഞ്ഞ 17 വർഷമായി എയർ ഇന്ത്യ പുതിയ വിമാനമൊന്നും വാങ്ങിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.