ചെന്നൈ: അണ്ണാ സർവകലാശാലയിലെ വിദ്യാർഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം അന്വേഷിക്കാൻ ദേശീയ വനിതാ കമീഷൻ രണ്ടംഗ വസ്തുതാന്വേഷണ സമിതിക്ക് രൂപം നൽകി. റിട്ട. ഐ.പി.എസ് ഓഫീസറും മഹാരാഷ്ട്ര മുൻ ഡി.ജി.പിയുമായ പ്രവീൺ ദീക്ഷിത്, മംമ്ത കുമാരി എന്നിവരടങ്ങുന്ന സമിതിയെ അന്വേഷിക്കാനും നടപടി ശുപാർശ ചെയ്യാനും രൂപീകരിച്ചതായി കമീഷൻ ചെയർപേഴ്‌സൺ വിജയ രഹത്കർ പ്രസ്താവനയിൽ പറയുന്നു. വസ്തുതാന്വേഷണ സമിതി 2024 ഡിസംബർ 30ന് ചെന്നൈ സന്ദർശിച്ചേക്കും.
കമ്മിറ്റി കേസ് അന്വേഷിക്കുകയും സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ പരിശോധിക്കുകയും അധികാരികൾ സ്വീകരിച്ച നടപടികൾ വിലയിരുത്തുകയും ചെയ്യും. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, പെൺകുട്ടി, കുടുംബം, സുഹൃത്തുക്കൾ, വിവിധ എൻ.ജി.ഒകൾ എന്നിവരുമായി സംവദിക്കുകയും വസ്തുതകൾ കണ്ടെത്തുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ നിർദ്ദേശിക്കുകയും ചെയ്യുമെന്ന് വനിതാ കമീഷൻ പറഞ്ഞു.
അതേസമയം, കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിക്കണമെന്ന് മദ്രാസ് ഹൈകോടതി ഉത്തരവിട്ടു. പെൺകുട്ടിക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും സംസ്ഥാന സർക്കാറിനോട് നിർദ്ദേശിച്ചു. എസ്.ഐ.ടിയിലെ മൂന്ന് അംഗങ്ങളും വനിതാ ഐ.പി.എസ് ഓഫിസർമാരായിരിക്കും.
ഡിസംബർ 23ന് രാത്രിയാണ് വിദ്യാർഥിനി ബലാത്സംഗത്തിന് ഇരയായത്. രണ്ടാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. കേസിൽ സർവകലാശാലക്ക് സമീപം ബിരിയാണി വിൽക്കുന്ന ജ്ഞാനശേഖരൻ പിടിയിലായിരുന്നു. പ്രതി കുറ്റം സമ്മതിച്ചു. ക്യാമ്പസിലെത്തിയ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ബിരിയാണി കച്ചവടക്കാരൻ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.